ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കുന്ന പാറ്റ് കമ്മിന്‍സ് എവിടെ; പേടിക്കേണ്ടത് ടീം ഇന്ത്യയാണ്
ഓവല്‍ ഫൈനലിന് മുമ്പ് ഫിറ്റ്‌നസ് ഏറ്റവും മികച്ചതായി നിലനിര്‍ത്തുകയാണ് പാറ്റ് കമ്മിന്‍സ് ലക്ഷ്യമിടുന്നത്
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്‍ 2023 സീസണില്‍ കളിക്കുന്നില്ല. ടീം ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തിയായിരുന്നു കമ്മിന്‍സിന്‍റെ പിന്‍മാറ്റം. ജൂണ്‍ ഏഴിന് ഓവലില്‍ ആരംഭിക്കുന്ന കലാശപ്പോരിന് മുന്നോടിയായി കമ്മിന്‍സ് ബൗളിംഗ് പരിശീലനം തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപത്തിയൊമ്പതുകാരനായ കമ്മിന്‍സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
ഓവല്‍ ഫൈനലിന് മുമ്പ് ഫിറ്റ്‌നസ് ഏറ്റവും മികച്ചതായി നിലനിര്‍ത്തുകയാണ് പാറ്റ് കമ്മിന്‍സ് ലക്ഷ്യമിടുന്നത്. മത്സരത്തില്‍ ദൈര്‍ഘ്യമുള്ള സ്‌പെല്ലുകള്‍ എറിയേണ്ടിവരും എന്നതിനാല്‍ സ്റ്റാമിനയും കരുത്തും ബൗളിംഗ് സ്‌പീഡും നിലനിര്‍ത്തുന്നതില്‍ ഓസീസ് നായകന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്തും ഇംഗ്ലണ്ടിലെ അനുഭവപരിചയവും മുന്‍നിര്‍ത്തി മികച്ച വേരിയേഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ കൂടിയാണ് കമ്മിന്‍സ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പമാകും കമ്മിന്‍സ് ഓസീസ് പേസ് ആക്രമണം നയിക്കുക. മൂവരുടേയും സ്‌പെല്ലുകളെ അതിജീവിക്കുന്നത് അനുസരിച്ചിരിക്കും ഓവലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മുന്നോട്ടുള്ള പ്രയാണം.
അമ്മയുടെ അസുഖങ്ങളെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പൂര്‍ത്തിയാക്കാനാവാതെ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് ശേഷം ഏകദിന പരമ്പരയും താരത്തിന് നഷ്‌ടമായി. ഈ സാഹചര്യത്തില്‍ കൂടിയാണ് അമ്മയുടെ മരണത്തിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് പാറ്റ് കമ്മിന്‍സ് പരിശീലനത്തില്‍ സജീവമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തുടക്കമാവുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസീസിനെ പാറ്റ് കമ്മിന്‍സുമാകും നയിക്കുക.
Read more: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം; വിരാട് കോലിക്ക് പ്രത്യേക ഉപദേശവുമായി ഹര്‍ഭജന്‍ സിംഗ്