സഞ്ജുവിനെ കണ്ട് പഠിക്കണം യുവതാരങ്ങള്‍; ജയിച്ചിട്ടും ധോണിക്ക് വമ്പന്‍ പ്രശംസ
2008ന് ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തുന്നത്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ചരിത്ര വിജയം സമ്മാനിച്ചപ്പോഴും സിഎസ്‌കെ നായകന്‍ എം എസ് ധോണിക്ക് പ്രശംസയുമായി സഞ്ജു സാംസണ്‍. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ മത്സരം വിജയിച്ചു എന്ന് ഒരിക്കലും കരുതാനാവില്ല എന്നാണ് സഞ്ജുവിന്‍റെ വാക്കുകള്‍.
വിജയത്തിന് അവകാശികള്‍ നമ്മുടെ(രാജസ്ഥാന്‍ റോയല്‍സ്) താരങ്ങളാണ്. ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു, നല്ല ക്യാച്ചുകളുണ്ടായി. ചെപ്പോക്കില്‍ എനിക്ക് നല്ല ഓര്‍മ്മകളല്ല ഉള്ളത്. ഇതിന് മുമ്പ് ഞാനിവിടെ വിജയിച്ചിട്ടില്ല, അതുകൊണ്ടുതന്നെ വിജയം ആഗ്രഹിച്ചിരുന്നു. ആദം സാംപയെ ഇംപാക്‌ട് പ്ലെയറായി നമ്മള്‍ കൊണ്ടുവന്നു. റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കിക്കൊണ്ട് മികച്ച പവര്‍പ്ലേ കിട്ടി. അവസാന രണ്ട് ഓവറുകള്‍ സമ്മര്‍ദമായി. മത്സരം പരമാവധി അവസാന പന്തുകളിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാല്‍ എം എസ് ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ മത്സരം നമ്മുടെ പക്കലാണെന്ന് പറയാനാവില്ല. ഒരു കണക്കുകളും എംഎസ്‌ഡിക്കെതിരെ വര്‍ക്കാവില്ല. എന്ത് ചെയ്യാന്‍ പറ്റും എന്ന കാര്യത്തില്‍ അദേഹത്തെ ബഹുമാനിക്കാന്‍ മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍.
ചെപ്പോക്കില്‍ മത്സരത്തിന്‍റെ ആവേശം അവസാന പന്തിലേക്ക് നീണ്ടപ്പോള്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. സിഎസ്‌കെയ്‌ക്കായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജഡേജ(15 പന്തില്‍ 25*) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ(52) ഫോം തുടര്‍ന്നപ്പോള്‍ ദേവദത്ത് പടിക്കൽ(38), ഷിമ്രോന്‍ ഹെറ്റ്മെയർ(30) എന്നിവരും തിളങ്ങി. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തില്‍ പുറത്തായി.
2008ന് ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തുന്നത്. 2008ല്‍ ഷെയ്‌ന്‍ വോണിന്‍റെ ക്യാപ്റ്റന്‍സിയില്‍ 10 റണ്‍സിന് വിജയിച്ചതാണ് ആദ്യ ജയം. ഇതിന് ശേഷം 2010ല്‍ 23 റണ്‍സിനും 2011ല്‍ എട്ട് വിക്കറ്റിനും 2012ല്‍ ഏഴ് വിക്കറ്റിനും 2013ല്‍ അഞ്ച് വിക്കറ്റിനും 2015ല്‍ 12 റണ്‍സിനും 2019ല്‍ 8 റണ്ണിനും രാജസ്ഥാന്‍ റോയല്‍സ് പരാജയം രുചിച്ചു. ഇതിന് ശേഷം 2023ല്‍ 3 റണ്‍സിന് സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ വിജയവഴിയിലേക്ക് തിരിച്ചുവരികയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.
Read more: സിഎസ്‌കെയെ ചെപ്പോക്കില്‍ മലര്‍ത്തിയടിച്ചു; ചരിത്ര കുറിച്ച് സഞ്ജു സാംസണ്‍, 2008ന് ശേഷം ഇതാദ്യം