ധോണിയുടെ കാല്‍മുട്ടിലെ ചികില്‍സ, വിരമിക്കല്‍; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ
ഇടത് കാല്‍മുട്ടിലെ പരിക്കുമായാണ് ഐപിഎല്‍ 2023 സീസണ്‍ നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ കാല്‍മുട്ടിലെ പരിക്കും വിരമിക്കല്‍ അഭ്യൂഹങ്ങളും ആരാധകരെ ആശങ്കയിലാഴ്‌ത്തിയിരിക്കേ പ്രതികരണവുമായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. കാല്‍മുട്ടില്‍ ശസ്‌ത്രക്രിയ വേണമോ എന്ന് വിദഗ്‌ധ ഉപദേശം ആരാഞ്ഞ ശേഷം ധോണി തീരുമാനം കൈക്കൊള്ളും, അടുത്ത സീസണില്‍ ധോണി കളിക്കുമോ എന്ന ചര്‍ച്ചകള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ല എന്നുമാണ് കാശി വിശ്വനാഥന്‍റെ പ്രതികരണം.
ഇടത് കാല്‍മുട്ടിലെ പരിക്കുമായാണ് ഐപിഎല്‍ 2023 സീസണ്‍ നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം കാര്യമായി റണ്‍സ് കണ്ടെത്തിയില്ലെങ്കിലും ബാറ്റിംഗിന് ഇറങ്ങി. കിരീടവുമായി സിഎസ്‌കെ പതിനാറാം സീസണ്‍ അവസാനിപ്പിച്ചതിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്‍ത്ത ധോണി കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനാവാന്‍ പോകുന്നു എന്നതാണ്. ഈ റിപ്പോര്‍ട്ടുകളോട് സിഎസ്‌കെ സിഇഒ പ്രതികരിച്ചു. 'ഇടത്തേ കാല്‍മുട്ടിലെ പരിക്കിന് ധോണി വിദഗ്‌ധ ഉപദേശം തേടും എന്നത് സത്യമാണ്. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശസ്‌ത്രക്രിയ വേണ്ടിവരുമോ എന്ന് വ്യക്തമാകൂ. ശസ്‌ത്രക്രിയ നടത്തണോ എന്നത് ധോണിയുടെ പരിധിയില്‍ വരുന്ന തീരുമാനമാണ്. സത്യസന്ധമായി പറയാല്ലോ ധോണിയുടെ വിരമിക്കലിനെ കുറിച്ച് നമ്മളിപ്പോള്‍ ചിന്തിക്കുന്നില്ല. ആ ഘട്ടത്തില്‍ നാമിപ്പോള്‍ എത്തിയിട്ടില്ല. എപ്പോള്‍ വിരമിക്കണം എന്ന് തീരുമാനിക്കേണ്ടത് ധോണിയാണ്. ടീം സ്‌പിരിറ്റിനാലാണ് കപ്പ് എടുത്തത്. എല്ലാ താരങ്ങള്‍ക്കും അവരുടെ ചുമതകള്‍ നന്നായി അറിയാം. സിഎസ്‌കെയില്‍ എല്ലാം സുഗമമായി നടത്തുന്നത് നായകന്‍ എം എസ് ധോണിയാണ്' എന്നും കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
കാല്‍മുട്ടിലെ ചികില്‍സയ്‌ക്കായി എം എസ് ധോണി മുംബൈയിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. സജീവ ക്രിക്കറ്റില്‍ ഐപിഎല്ലില്‍ മാത്രം കളിക്കുന്ന ധോണി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സിഎസ്‌കെയ്‌ക്ക് അഞ്ചാം കിരീടം സമ്മാനിച്ച ഇതിഹാസ നായകന്‍ വരും സീസണിലും ടീമില്‍ തുടരും എന്നാണ് ആരാധകരുടെ ആഗ്രഹം.
Read more: ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയില്‍! ലക്ഷ്യം അടുത്ത സീസണ്‍?