6, 6! തകര്‍ത്താടി 'തല'... ചെപ്പോക്കില്‍ ചെന്നൈ വെടിക്കെട്ട്; ലഖ്‌നൗവിന് 218 റണ്‍സ് വിജയലക്ഷ്യം

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെപ്പോക്കിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടങ്ങിയെത്തിയപ്പോള്‍ റണ്ണൊഴുകുന്നതാണ് തുടക്കം മുതല്‍ കണ്ടത്

IPL 2023 MS Dhoni cameo Chennai Super Kings sets 218 runs target to Lucknow Super Giants in run rain at Chepauk jje

ചെന്നൈ: 'തല' പഴയ ധോണി പോലെ വന്നുചെപ്പോക്കിലെ ആരാധകരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരാശരായില്ല. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ പതിനാറാം സീസണില്‍ ചെപ്പോക്കിലേക്കുള്ള മടങ്ങിവരവ് സിഎസ്‌കെ റണ്‍ വെടിക്കെട്ടോടെ ആഘോഷമാക്കി. റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് എഴുതിച്ചേര്‍ത്തു. ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 5 പന്ത് ശേഷിക്കേ ക്രീസിലെത്തിയ എം എസ് ധോണി മൂന്ന് ബോളില്‍ രണ്ട് സിക്‌സടക്കം 12 റണ്‍സുമായി ഗാലറിയെ ഇളക്കിമറിച്ചു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി.  

വീണ്ടും റുതുകാലം 

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെപ്പോക്കിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടങ്ങിയെത്തിയപ്പോള്‍ റണ്ണൊഴുകുന്നതാണ് തുടക്കം മുതല്‍ കണ്ടത്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും എട്ട് ഓവറില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിന് ശേഷം പത്താം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ലഖ്‌നൗവിനായത്. 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സ് നേടിയ റുതുരാജിനെ രവി ബിഷ്‌ണോയി പുറത്താക്കുകയായിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി കണ്ടെത്താന്‍ റുതുവിനായി. റുതുരാജ് മടങ്ങി തൊട്ടടുത്ത ഓവറില്‍ ദേവോണ്‍ കോണ്‍വേ അര്‍ധസെഞ്ചുറിക്കരികെ പുറത്തായി. 27 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പടെ കോണ്‍വേ 47 റണ്‍സ് നേടി. 

ഇടയ്‌ക്കൊരും ദുബെ താളം

ആദ്യ 10 പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രം കണ്ടെത്തിയ ശിവം ദുബെ പിന്നാലെ കത്തിക്കയറിതോടെ 14-ാം ഓവറില്‍ ചെന്നൈ 150 തികച്ചു. എന്നാല്‍ ബിഷ്‌ണോയിയെ രണ്ട് സിക്‌സ് പറത്തിയതിന് പിന്നാലെ ദുബെയുടെ മിസ് ഷോട്ട് മാര്‍ക്ക് വുഡിന്‍റെ കൈകളില്‍ അവസാനിച്ചു. ദുബെ 16 ബോളില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 27 എടുത്തു. ശേഷം ക്രീസില്‍ ഒന്നിച്ചത് മൊയീന്‍ അലി-ബെന്‍ സ്റ്റോക്‌സ് ഇംഗ്ലീഷ് സഖ്യം. ബൗണ്ടറികളുമായി സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അലിയെ(13 പന്തില്‍ 19) മടക്കി ബിഷ്‌ണോയി അടുത്ത ബ്രേക്ക് ത്രൂ നല്‍കി. ഒരു ബൗണ്ടറി നേടിയതിന് പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റോക്‌സ്(8 പന്തില്‍ 8) ആവേശിനും കീഴടങ്ങി. ഇതിന് ശേഷം അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും 19-ാം ഓവറില്‍ ടീമിനെ 200 കടത്തി.

'തല'യെടുപ്പോടെ ധോണിയുടെ വരവ്

മാര്‍ക്ക് വുഡിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ(3) പുറത്തായി. പിന്നാലെ നേരിട്ട ആദ്യ രണ്ട് പന്തുകളും ഗാലറിയിലെത്തിച്ച് ധോണി ആരാധകരെ ആവേശത്തിലാക്കി. ഇതിന് ശേഷമുള്ള പന്തില്‍ ധോണി ബിഷ്‌ണോയിയുടെ ക്യാച്ചില്‍ മടങ്ങി. അമ്പാട്ടി റായുഡുവും(14 പന്തില്‍ 27*), മിച്ചല്‍ സാന്‍റ്‌നറും(1 പന്തില്‍ 1*) പുറത്താവാതെ നിന്നു. 

മൂന്നാം നമ്പറില്‍ 2020 മുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്; എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല

Latest Videos
Follow Us:
Download App:
  • android
  • ios