വരവറിയിച്ച് വിവ്രാന്ത് ശര്‍മ്മ, അരങ്ങേറ്റത്തില്‍ ഫിഫ്റ്റി; 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ന്നു
മുംബൈക്കെതിരെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി ഇറങ്ങി 36 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു വിവ്രാന്ത് ശര്‍മ്മ
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ച അര്‍ധസെഞ്ചുറിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വിവ്രാന്ത് ശര്‍മ്മയ്‌ക്ക് റെക്കോര്‍ഡ്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിവ്രാന്ത് ശര്‍മ്മ സ്വന്തമാക്കിയത്. 2008ല്‍ ജയ്‌പൂരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 60 റണ്‍സെടുത്ത സ്വപ്‌നില്‍ അസ്‌നോദ്‌ക്കറിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2008ല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി പുറത്താവാതെ 58* റണ്‍സ് നേടിയ ഗൗതം ഗംഭീറാണ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്ത്.
മുംബൈക്കെതിരെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി ഇറങ്ങി 36 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു വിവ്രാന്ത് ശര്‍മ്മ. തുടക്കം മുതല്‍ തകര്‍ത്തടിച്ച താരം 47 പന്തില്‍ 9 ഫോറും 2 സിക്‌സറും സഹിതം 69 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന് കനത്ത ഭീഷണിയുയര്‍ത്തി വിവ്രാന്ത് ശര്‍മ്മ-മായങ്ക് അഗര്‍വാള്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 13.5 ഓവറില്‍ 140 റണ്‍സ് ചേര്‍ത്തു. വിവ്രാന്തിനെ ആകാശ് മധ്‌വാല്‍ പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഇതിന് ശേഷം അടിതുടര്‍ന്ന മായങ്ക് 46 പന്തില്‍ 8 ഫോറും 4 ഫോറും സഹിതം 83 റണ്‍സ് നേടി. ഈ സീസണില്‍ മായങ്കിന്‍റെ ആദ്യ ഫിഫ്റ്റിയാണിത്.
പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 201 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണിംഗ് വിക്കറ്റിലെ 140 റണ്‍സിന് ശേഷം മായങ്ക് അഗര്‍വാളിന്‍റേയും വിക്കറ്റ് വീഴുമ്പോള്‍ 16.4 ഓവറില്‍ 174 റണ്‍സുണ്ടായിരുന്നു സണ്‍റൈസേഴ്‌സിന്. ഇതിന് ശേഷം ഗ്ലെന്‍ ഫിലിപ്‌സ് 4 പന്തില്‍ ഒന്നുമായി മടങ്ങി. ഹെന്‍റിച്ച് ക്ലാസന്‍ 13 പന്തില്‍ 18 ഉം ഹാരി ബ്രൂക്ക് ഗോള്‍ഡന്‍ ഡക്കായും ആകാശ് മധ്‌വാലിന്‍റെ അടുത്തടുത്ത പന്തുകളില്‍ പുറത്തായത് സണ്‍റൈസേഴ്‌സിന്‍റെ ഫിനിഷിംഗ് പിഴച്ചു. ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം 7 പന്തില്‍ 13* ഉം സന്‍വീര്‍ സിംഗ് 3 പന്തില്‍ 4* ഉം റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ സണ്‍റൈസേഴ്‌സ് 200-5 എന്ന സ്കോറിലെത്തി. ആകാശ് 37 റണ്ണിന് നാല് പേരെ പുറത്താക്കി.
Read more: മഴയില്‍ മുങ്ങി ചിന്നസ്വാമി, ആലിപ്പഴ വര്‍ഷം; നെഞ്ചിടിപ്പ് ആര്‍സിബിക്ക്