മുംബൈയെ ഇഞ്ചപ്പരുവമാക്കി പഞ്ചാബ്; കറന്‍, ജിതേഷ്, ഹര്‍പ്രീത് വെടിക്കെട്ടില്‍ 214 റണ്‍സ്
വിക്കറ്റ് വീഴ്‌ചയോടെയായിരുന്നു പഞ്ചാബ് കിംഗ്‌സിന്‍റെ തുടക്കം, എന്നാല്‍ അവസാന അഞ്ച് ഓവറുകളില്‍ കളി മാറി.
മുംബൈ: ഐപിഎല്ലില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും കാമറൂണ്‍ ഗ്രീനും ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫും ജോഫ്ര ആര്‍ച്ചറും അടക്കമുള്ള മുംബൈ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പഞ്ചാബ് കിംഗ്‌സിന് പടുകൂറ്റന്‍ സ്കോര്‍. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 214 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യമാണ് പഞ്ചാബിന് മികച്ച സ്‌കോറൊരുക്കിയത്. അവസാന രണ്ട് ഓവറില്‍ മിന്നല്‍ വെടിക്കെട്ടുമായി ജിതേഷ് ശര്‍മ്മ വാംഖഡെയെ ഇളക്കിമറിച്ചു. അവസാന ആറ് ഓവറില്‍ 109 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്.
വിക്കറ്റ് വീഴ്‌ചയോടെയായിരുന്നു പഞ്ചാബ് കിംഗ്‌സിന്‍റെ തുടക്കം. ഇന്നിംഗ്‌സിന്‍റെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടിനെ(10 പന്തില്‍ 11) പീയുഷ് ചൗളയുടെ കൈകളിലെത്തിച്ചു കാമറൂണ്‍ ഗ്രീന്‍. എന്നാല്‍ അഥര്‍വ തൈഥെയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് ടീമിനെ 50 കടത്തി. ടീം സ്കോര്‍ 65ല്‍ നില്‍ക്കേ പ്രഭ്‌സിമ്രാനെ(17 പന്തില്‍ 26) അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാന്തരം യോര്‍ക്കറില്‍ ബൗള്‍ഡാക്കി ബ്രേക്ക് ത്രൂ നേടി. ക്രീസിലെത്തിയ വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ 101 മീറ്റര്‍ സിക്‌സിന് ജോഫ്ര ആര്‍ച്ചറെ പറത്തിയെങ്കിലും കാലുറപ്പിക്കാന്‍ ചൗള സമ്മതിച്ചില്ല. 10-ാം ഓവറിലെ ആദ്യ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ലിവിംഗ്‌സ്റ്റണെ(12 പന്തില്‍ 10) വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മനോഹരമായി സ്റ്റംപ് ചെയ്‌തു. ഇതേ ഓവറിലെ നാലാം പന്തില്‍ അഥര്‍വ തൈഥെയെ(17 പന്തില്‍ 29) ചൗള ബൗള്‍ഡാക്കി.
ഇതിന് ശേഷം അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ കൂട്ടുകെട്ട് പഞ്ചാബിന് പ്രതീക്ഷ നല്‍കി. 16-ാം ഓവറില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ രണ്ട് സിക്‌സും മൂന്ന് ഫോറും അടക്കം 31 റണ്‍സിന് പറത്തി ഇരുവരും ടോപ് ഗിയറിലായി. തൊട്ടടുത്ത ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെതിരെ 13 റണ്‍സ് നേടി. 18-ാം ഓവറിലെ ആദ്യ രണ്ട് പന്തും കറന്‍ സിക്‌സര്‍ പറത്തിയെങ്കിലും നാലാം ബോളില്‍ ഹര്‍പ്രീതിനെ(28 പന്തില്‍ 41) കാമറൂണ്‍ ഗ്രീന്‍ ബൗള്‍ഡാക്കി. 92 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കറനും ഹര്‍പ്രീതും നേടിയത്. അവസാന രണ്ട് പന്തുകള്‍ നേരിട്ട ജിതേഷ് ശര്‍മ്മ രണ്ടും സിക്‌സര്‍ പറത്തിയതോടെ പഞ്ചാബ് 180 കടന്നു. ഗ്രീനിന്‍റെ ഈ ഓവറില്‍ 25 റണ്‍സുണ്ടായി. പിന്നാലെ 26 പന്തില്‍ കറന്‍ ഫിഫ്റ്റി തികച്ചു.
19-ാം ഓവറിലെ ജോഫ്ര ആര്‍ച്ചറുടെ അവസാന പന്താണ് ക്യാപ്റ്റന്‍ കറന്(28 പന്തില്‍ 55) മടക്ക ടിക്കറ്റ് നല്‍കിയത്. അവസാന ഓവറില്‍ രണ്ട് സിക്‌സ് നേടിയ ജിതേഷ് ശര്‍മ്മയെ(7 പന്തില്‍ 25) നാലാം ബോളില്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് പുറത്താക്കിയപ്പോള്‍ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാര്‍(2 പന്തില്‍ 5) റണ്ണൗട്ടായി. ഷാരൂഖ് ഖാന്‍(0*) അക്കൗണ്ട് തുറക്കാതെ പുറത്താവാതെ നിന്നു.