അടിയെന്നൊക്കെ പറഞ്ഞാല്‍ മുംബൈ ബൗളര്‍മാരെ ഓടിച്ചിട്ടടി; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പഞ്ചാബ് കിംഗ്‌സ്

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏറ്റവും കരുത്തായത് അഞ്ചാം വിക്കറ്റില്‍ സാം കറന്‍റെയും ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടേയും ബാറ്റിംഗായിരുന്നു

IPL 2023 MI vs PBKS Punjab Kings bags multiple records with 214 runs against Mumbai Indians at Wankhede jje

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിംഗ് റണ്‍പെയ്‌ത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 214 റണ്‍സ് അടിച്ചുകൂട്ടി. അവസാന ആറ് ഓവറില്‍ താണ്ഡവമാടിയായിരുന്നു പഞ്ചാബ് ബാറ്റര്‍മാര്‍ സിക്‌സര്‍ മഴ പൊഴിച്ചത്. ഇതോടെ ഒന്നിലേറെ റെക്കോര്‍ഡുകള്‍ വാംഖഡെയുടെ നടുമുറ്റത്ത് പിറവിയെടുത്തു. 

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏറ്റവും കരുത്തായത് അഞ്ചാം വിക്കറ്റിലെ സാം കറന്‍റെയും ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടേയും ബാറ്റിംഗായിരുന്നു. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍, ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് എന്നിവരെ കടന്നാക്രമിച്ചാണ് ഇരുവരും വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയത്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്(92 റണ്‍സ്). 2013ല്‍ മൊഹാലിയില്‍ ഡേവിഡ് മില്ലറും രാജഗോപാല്‍ സതീഷും ചേര്‍ന്ന് പുറത്താകാതെ നേടിയ 130* റണ്‍സാണ് ഒന്നാമത്. 2017ല്‍ ഇന്‍ഡോറില്‍ മില്ലറിനൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്‍ ചേര്‍ത്ത 79* റണ്‍സിന്‍റെ റെക്കോര്‍ഡ‍് സാമും ഹര്‍പ്രീതും മറികടന്നു.

ഐപിഎല്‍ ചരിത്രത്തില്‍ അവസാന ആറ് ഓവറില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്കോറാണ് പഞ്ചാബ് കിംഗ്‌സ് കുറിച്ചത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ബെംഗളൂരുവില്‍ ആര്‍സിബി നേടിയ 126 റണ്‍സിനാണ് റെക്കോര്‍ഡ്. അന്ന് സെഞ്ചുറികള്‍ നേടിയ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സുമായിരുന്നു ശ്രദ്ധാകേന്ദ്രം. 2020ല്‍ അബുദാബിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അടിച്ചുകൂട്ടിയ 104 റണ്‍സ് മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണ് 214/8. 2017ല്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ കുറിച്ച 230 റണ്‍സ് മാത്രമാണ് ഇതിന് മുന്നിലുള്ളത്. 

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിനാണ് 214 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യവും അവസാന രണ്ട് ഓവറില്‍ മിന്നല്‍ വെടിക്കെട്ടുമായി ജിതേഷ് ശര്‍മ്മയും പഞ്ചാബിനെ 200നപ്പുറത്തേക്ക് വഴിനടത്തുകയായിരുന്നു. കറന്‍ 29 പന്തില്‍ 55 ഉം ഹര്‍പ്രീത് സിംഗ് ഭാട്ടിയ 28 പന്തില്‍ 41 ഉം ജിതേഷ് ശര്‍മ്മ 7 പന്തില്‍ 25 ഉം റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനായി കാമറൂണ്‍ ഗ്രീനും പീയുഷ് ചൗളയും രണ്ട് വീതവും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റും നേടി. 

Read more: മുംബൈയെ ഇഞ്ചപ്പരുവമാക്കി പഞ്ചാബ്; കറന്‍, ജിതേഷ്, ഹര്‍പ്രീത് വെടിക്കെട്ടില്‍ 214 റണ്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios