വീണ്ടും ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, താണ്ഡവമാടി ടിം ഡേവിഡ്; മുംബൈക്ക് രണ്ടാം ജയം

ഫോമില്ലായ്‌മയുടെ എല്ലാ പരാതിയും തീര്‍ത്ത സൂര്യ ബൗളര്‍മാരെ നാലുപാടും പറത്തിയതോടെ മുംബൈ ഇന്ത്യന്‍സ് 15-ാം ഓവറില്‍ 150 പിന്നിട്ടിരുന്നു

IPL 2023 MI vs KKR Result Suryakumar Yadav Tim David back to form as Mumbai Indians beat Kolkata Knight Riders jje

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ സൂര്യകുമാര്‍ യാദവും ടിം ഡേവിഡും കത്തിക്കയറിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് മുംബൈയുടെ നീലപ്പട സ്വന്തമാക്കിയത്. കെകെആര്‍ മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ സ്വന്തമാക്കി. സൂര്യകുമാര്‍ യാദവ് 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 43 എടുത്ത് പുറത്തായപ്പോള്‍ ടിം ഡേവിഡ് 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 24* റണ്ണുമായി പുറത്താവാതെ നിന്നു. 

ഇഷാന്‍ തുടങ്ങി, പിന്നാലെ സൂര്യ, ടിം ഫിനിഷിംഗ്

മറുപടി ബാറ്റിംഗില്‍ ഇഷാന്‍ കിഷനൊപ്പം രോഹിത് ശര്‍മ്മ ഇംപാക്‌ട് പ്ലെയറായി മൈതാനത്ത് എത്തിയത് മുംബൈ ഇന്ത്യന്‍സ് ആരാധകരെ ത്രില്ലടിപ്പിച്ചു. എന്നാല്‍ 13 പന്തില്‍ 20 എടുത്ത് നില്‍ക്കേ രോഹിത്തിനെ സുയാഷ് ശര്‍മ്മ മടക്കി. ഇതിനകം തന്നെ 4.5 ഓവറില്‍ മുംബൈ സ്‌കോര്‍ 65ലെത്തിയിരുന്നു. ക്രീസിലൊന്നിച്ച ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍ സഖ്യത്തിന്‍റെ ചുമലിലായി മുംബൈയുടെ ചേസിംഗ്. അഞ്ച് വീതം ഫോറും സിക്‌സുമായി അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ബ്രേക്ക് ത്രൂവായി. 

ഇടയ്‌ക്ക് തിലകാട്ടം

എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും മുംബൈയെ വിജയപ്രതീക്ഷകളിലേക്ക് മടക്കിക്കൊണ്ടുവന്നു. ഫോമില്ലായ്‌മയുടെ എല്ലാ പരാതിയും തീര്‍ത്ത സൂര്യ ബൗളര്‍മാരെ നാലുപാടും പറത്തിയതോടെ മുംബൈ ഇന്ത്യന്‍സ് 15-ാം ഓവറില്‍ 150 പിന്നിട്ടു. 14-ാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ്മയെ(25 പന്തില്‍ 30) നഷ്‌ടമായതൊന്നും മുംബൈയെ തെല്ലും ബാധിച്ചില്ല. സൂര്യക്കൊപ്പം ആഞ്ഞടിച്ച ടിം ഡേവിഡ് മുംബൈയുടെ സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. 25 പന്തില്‍ 43 എടുത്ത സൂര്യയെ ഷര്‍ദ്ദുലും 4 പന്തില്‍ ആറ് നേടിയ നെഹാല്‍ വധേരയെ ഫെര്‍ഗൂസനും മടക്കിയെങ്കിലും കൊല്‍ക്കത്തയ്‌ക്ക് ജയിക്കാനായില്ല. ടിം ഡേവിഡിനൊപ്പം(24*), കാമറൂണ്‍ ഗ്രീന്‍(1*) പുറത്താവാതെ നിന്നു. 

വെങ്കടേഷ് അയ്യരിസം

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുക്കുകയായിരുന്നു. ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി 49 പന്തില്‍ നേടിയ വെങ്കടേഷ് അയ്യര്‍ 51 ബോളില്‍ ആറ് ഫോറും ഒന്‍പത് സിക്‌സും സഹിതം 104 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ് എട്ടും സഹ ഓപ്പണര്‍ എന്‍ ജഗദീശന്‍ അക്കൗണ്ട് തുറക്കാതെയും ക്യാപ്റ്റന്‍ നിതീഷ് റാണ അഞ്ചും റണ്‍സെടുത്ത് പുറത്തായി. ഷര്‍ദ്ദുല്‍ ഠാക്കൂര്‍(13). റിങ്കു സിംഗ്(18), ആന്ദ്രേ റസല്‍(11 പന്തില്‍ 21*), സുനില്‍ നരെയ്‌ന്‍(2 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. മത്സരത്തിലൂടെ മുംബൈക്കായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഡ്വെയ്‌ന്‍ യാന്‍സനും അരങ്ങേറി. 

Read more: ടോസ് ജയിച്ച് സഞ്ജു സാംസണ്‍; സൂപ്പര്‍ താരം മടങ്ങിയെത്തി, കടം വീട്ടാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios