ഈ മുംബൈ ഇന്ത്യന്‍സ് ചില്ലറ ടീമല്ല, മുട്ടുമ്പോള്‍ സൂക്ഷിച്ച് വേണം; നേടിയത് തകര്‍പ്പന്‍ റെക്കോര്‍ഡ‍്
അവസാനം നടന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും ഇരുനൂറിലധികം റണ്‍സ് സ്കോര്‍ ചെയ്‌തതോടെ മുംബൈ ഇന്ത്യന്‍സിന് റെക്കോര്‍ഡ്. ഐപിഎല്ലിന്‍റെ ഒരു സീസണില്‍ അഞ്ച് മത്സരങ്ങളില്‍ 200+ സ്കോര്‍ നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിലെത്തി മുംബൈ ഇന്ത്യന്‍സ്. സീസണില്‍ മോശം തുടക്കം നേടിയ ശേഷം ശക്തമായി തിരിച്ചെത്തിയ മുംബൈ ടീം പഞ്ചാബ് കിംഗ്‌സിനോട്(201/6), രാജസ്ഥാന്‍ റോയല്‍സിനോട്(214/4), പഞ്ചാബ് കിംഗ്‌സിനോട്(216/4), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട്(200/4), ഗുജറാത്ത് ടൈറ്റന്‍സിനോട്(218/5) എന്നിങ്ങനെയാണ് സ്കോര്‍ ചെയ്‌തത്.
അവസാനം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യ 49 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതം 103* റണ്‍സുമായി പുറത്താവാതെ നിന്നു. ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സുമായി മടങ്ങിയപ്പോള്‍ 20 പന്തില്‍ 30 നേടിയ മലയാളി ക്രിക്കറ്റര്‍ വിഷ്‌ണു വിനോദും മുംബൈക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 29 റണ്‍സില്‍ പുറത്തായി. ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ നാല് വിക്കറ്റ് നേടിയെങ്കിലും മറ്റ് ബൗളര്‍മാരെല്ലാം അടിവാങ്ങി വലഞ്ഞു.
മറുപടി ബാറ്റിംഗില്‍ റാഷിദ് ഖാന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന് ഇടയിലും ഗുജറാത്ത് ടൈറ്റന്‍സ് 27 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഗുജറാത്തിന് 20 ഓവറില്‍ 8 വിക്കറ്റിന് 193 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. റാഷിദ് 32 ബോളില്‍ 10 സിക്‌സും 3 ഫോറും സഹിതം പുറത്താവാതെ 79* റണ്‍സ് നേടി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 4 റണ്‍സില്‍ മടങ്ങിയപ്പോള്‍ 26 ബോളില്‍ 41 നേടിയ ഡേവിഡ് മില്ലറാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. മുംബൈ ബൗളര്‍മാരില്‍ ആകാശ് മധ്‌വാല്‍ മൂന്നും പീയുഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും രണ്ട് വീതവും ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് ഒരു വിക്കറ്റും നേടി.
Read more: സഞ്ജുവില്‍ നിന്ന് ഏറെ പഠിക്കാന്‍ ശ്രമിക്കുന്നു; റോള്‍ മോഡലുകളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍