സ്റ്റാര്‍ പേസര്‍ നാട്ടിലേക്ക് മടങ്ങും; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ കാത്തിരിക്കുന്നത് തിരിച്ചടി
കുഞ്ഞിന്‍റെ ജനനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയാല്‍ മാര്‍ക്ക് വുഡ് മടങ്ങിവരില്ല എന്നാണ് റിപ്പോര്‍ട്ട്
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ആശങ്ക. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണിന്‍റെ അവസാനഘട്ട മത്സരങ്ങള്‍ നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് വുഡ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നതിനാലാണ് ഇത് എന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.
അസുഖങ്ങള്‍ കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ അവസാന രണ്ട് മത്സരങ്ങള്‍ മാര്‍ക്ക് വുഡിന് നഷ്‌ടമായിരുന്നു. സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ 11 വിക്കറ്റ് വുഡ് വീഴ്‌ത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. മത്സരങ്ങള്‍ നഷ്‌ടമായിട്ടും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാമതുണ്ട് വുഡ്.
കുഞ്ഞിന്‍റെ ജനനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയാല്‍ മാര്‍ക്ക് വുഡ് മടങ്ങിവരില്ല എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 28ന് പഞ്ചാബ് കിംഗ്‌സിന് എതിരെയാണ് ലഖ്‌നൗവിന്‍റെ അടുത്ത മത്സരം. ഇതിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും എതിരെ ഹോം മത്സരങ്ങളുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ വുഡിന് പകരം ഇറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖായിരിക്കും താരമില്ലാത്ത മത്സരങ്ങളില്‍ കളിക്കുക. ആവേശ് ഖാന്‍, മായങ്ക് യാദവ്, മൊഹ‌്‌സീന്‍ ഖാന്‍, രവി ബിഷ്‌ണോയി, ജയ്‌ദേവ് ഉനദ്‌കട്ട്, യാഷ് താക്കൂര്‍, അമിത് മിശ്ര, അര്‍പിത് ഗുലേറിയ, നവീന്‍ ഉള്‍ ഹഖ് എന്നിവരാണ് ലഖ്‌നൗ നിലയിലെ മറ്റ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. ഡാനിയേല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ പേസ് ഓള്‍റൗണ്ട് ഓപ്‌ഷനുകളും ടീമിനുണ്ട്.
ഐപിഎല്‍ ഫൈനലിന് പിന്നാലെ ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡിനെതിരെ ജൂണ്‍ 1 മുതല്‍ ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി താരങ്ങളെ നിര്‍ബന്ധിപ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മടക്കിവിളിക്കാന്‍ സാധ്യതയില്ല.