സാക്ഷാല്‍ മലിംഗയുടെ റെക്കോര്‍ഡ് തകര്‍ത്ത് അമിത് മിശ്ര; മുന്നില്‍ രണ്ടേ രണ്ടുപേര്‍
183 വിക്കറ്റ് വീഴ്ത്തിയ സിഎസ്‌കെ ഇതിഹാസം ഡ്വെയ്‌ൻ ബ്രാവോയാണ് ഒന്നാം സ്ഥാനത്ത്
ലഖ്‌നൗ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി അമിത് മിശ്ര. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സൂര്യാഷ് പ്രഭുദേശായിയെ പുറത്താക്കിയാണ് അമിത് മിശ്ര വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായത്. 170 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് മുന്‍ സൂപ്പര്‍ താരം ലസിത് മലിംഗയെ ആണ് അമിത് മിശ്ര മറികടന്നത്. പ്രഭുദേശായിയെ മടക്കിയതോടെ ഐപിഎല്ലില്‍ അമിത് മിശ്രയ്ക്ക് 172 വിക്കറ്റായി. 183 വിക്കറ്റ് വീഴ്ത്തിയ സിഎസ്‌കെ ഇതിഹാസം ഡ്വെയ്‌ൻ ബ്രാവോയാണ് ഒന്നാം സ്ഥാനത്ത്. 178 വിക്കറ്റുമായി രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‍വേന്ദ്ര ചഹൽ രണ്ടാം സ്ഥാനത്തുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂവെങ്കിലും ലഖ്‌നൗവിന്‍റെ മറുപടി ബാറ്റിംഗ് 19.5 ഓവറില്‍ 108ല്‍ അവസാനിച്ചു. മത്സരത്തില്‍ സൂര്യാഷ് പ്രഭുദേശായിക്ക് പുറമെ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ വിക്കറ്റും അമിത് മിശ്രയ്‌ക്കായിരുന്നു. മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് മിശ്രയുടെ രണ്ട് വിക്കറ്റ് നേട്ടം. ബാറ്റ് കൊണ്ട് 19 റണ്‍സ് നേടുകയും ചെയ്‌തു നാല്‍പ്പതുകാരനായ താരം.
ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദില്‍ ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. പ്ലേ ഓഫ് ഉറപ്പാക്കാൻ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാതിരിക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്‍റെ വരവ്. ദില്ലിയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന്‍റെ അനായാസ ജയം ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. എട്ട് കളികളിൽ ആറും തോറ്റ ഡൽഹി അവസാന സ്ഥാനത്താണെങ്കില്‍ എട്ടില്‍ 12 പോയിന്‍റുള്ള ടൈറ്റന്‍സ് ഒന്നാംസ്ഥാനക്കാരാണ്.
Read more: ഐപിഎല്‍ സീസണിലെ ഏറ്റവും ചീറ്റിയ പടക്കമായി ഡികെ; കണക്കുകള്‍ ആരെയും നാണിപ്പിക്കും