മാര്‍ക്ക് ചെയ്‌തടിച്ച് മാര്‍ക്ക് സ്റ്റോയിനിസ്, അവിശ്വസനീയ വെടിക്കെട്ട്; മുംബൈക്ക് 178 റണ്‍സ് വിജയലക്ഷ്യം
തകര്‍ച്ചയില്‍ നിന്ന് മികച്ച സ്കോറിലേക്ക് ലഖ്‌നൗവിന് അവിശ്വസനീയ തിരിച്ചുവരവ് സമ്മാനിച്ച് സ്റ്റോയിനിസിന്‍റെ വെടിക്കെട്ട്
ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ക്രുനാല്‍ പാണ്ഡ്യ-മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യം ലഖ്‌നൗവിനെ 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സിലെത്തിക്കുകയായിരുന്നു. അര്‍ധസെഞ്ചുറിക്ക് ശേഷം ഏകനാ സ്റ്റേഡിയത്തില്‍ ആളിപ്പടര്‍ന്ന മാര്‍ക്കസ് സ്റ്റോയിനിസ് 47 പന്തില്‍ 89* റണ്‍സുമായി പുറത്താവാതെ നിന്നു. നാല് ഫോറും എട്ട് സിക്‌സും സ്റ്റോയിനിസ് പറത്തി. 12-2 എന്ന അവസ്ഥയില്‍ നിന്നാണ് ലഖ്‌നൗവിനെ മികച്ച സ്കോറിലേക്ക് സ്റ്റോയിനിസ് എത്തിച്ചത്. 42 പന്തില്‍ 49 റണ്‍സെടുത്ത് റിട്ടയഡ് ഹര്‍ട്ടായ നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഇന്നിംഗ്‌സും നിര്‍ണായകമായി.
തുടക്കം മുംബൈക്ക്
ഒരോവറിലെ അടുത്തടുത്ത പന്തുകളില്‍ വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫിന് മുന്നില്‍ തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തുടക്കം. ദീപക് ഹൂഡ(7 പന്തില്‍ 5), പ്രേരക് മങ്കാദ്(1 പന്തില്‍ 0) എന്നിവര്‍ 2.2 ഓവറില്‍ പുറത്താകുമ്പോള്‍ ലഖ്‌നൗവിന് 12 റണ്‍സേയുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ടീമിനെ കരകയറ്റും എന്ന് തോന്നിച്ച ക്വിന്‍റണ്‍ ഡികോക്കിനെ(15 പന്തില്‍ 16) പീയുഷ് ചൗള വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളില്‍ എത്തിച്ചത് ലഖ്‌നൗവിന് അടുത്ത പ്രഹരമായി. എന്നാല്‍ ഇതിന് ശേഷം ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ടീമിനെ 14-ാം ഓവറില്‍ 100 കടത്തി. ഇരുവരും 82 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
സ്റ്റോയിനിസ് ഷോ
17-ാം ഓവറിന്‍റെ തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ കളംവിട്ടതോടെ നിക്കോളാസ് പുരാന്‍ ക്രീസിലെത്തി. എല്‍ബിയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സിക്‌സോടെ 36 പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു. 18-ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ 24 റണ്‍സിനും 19-ാം ഓവറില്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫിനെ 19 റണ്ണിനും സ്റ്റോയിനിസ് ശിക്ഷിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്ത് സിക്‌സോടെ സ്റ്റോയിനിസ് ഫിനിഷ് ചെയ്തു. സ്റ്റോയിനിസിനൊപ്പം എട്ട് പന്തില്‍ 8* റണ്‍സുമായി നിക്കോളാസ് പുരാന്‍ പുറത്താവാതെ നിന്നു. മുംബൈ ബൗളര്‍മാരില്‍ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത ക്രിസ് ജോര്‍ദാനാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്.
പ്ലേയിംഗ് ഇലവനുകള്‍
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, സ്വപ്‌നില്‍ സിംഗ്, മൊഹ്‌സീന്‍ ഖാന്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷൊക്കീന്‍, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ‌്‌വാല്‍.
Read more: ഇതിലും ഭേദം ഒരു കല്ല് വെക്കുന്നതായിരുന്നു; ദീപക് ഹൂഡ ഐപിഎല്ലിലെ ഏറ്റവും മോശം റെക്കോര്‍ഡില്‍