'ടി20യിലെ ഏറ്റവും ബോറന്‍ ബാറ്റര്‍, തലയില്‍ മുണ്ടിട്ട് നടന്നോളൂ'; കെ എല്‍ രാഹുലിനെ പൊരിച്ച് ആരാധകര്‍, ട്രോള്‍
സീസണിലെ രണ്ടാം ഫിഫ്റ്റി നേടിയിട്ടും ടീമിനെ ജയിപ്പിക്കാന്‍ രാഹുല്‍ മറന്നതാണ് ആരാധകരെ വീണ്ടും ചൊടിപ്പിച്ചത്
ലഖ്‌നൗ: 'ജീവിതത്തിലെ ഏറ്റവും മടുപ്പിക്കുന്ന കാഴ്‌ചയാണ് പവര്‍പ്ലേയില്‍ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് കാണുന്നത്'- ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ ലൈവ് കമന്‍ററിക്കിടെ ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ബോറടിപ്പിക്കുന്ന ബാറ്റിംഗുമായി ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം രാഹുലിന്‍റെ ഇഴച്ചിലും ഉത്തരവാദിത്തമില്ലായ്‌മയും കൊണ്ട് ലഖ്‌നൗ ഏഴ് റണ്‍സിന് തോറ്റതോടെയാണിത്. സീസണിലെ രണ്ടാം ഫിഫ്റ്റി നേടിയിട്ടും ടീമിനെ ജയിപ്പിക്കാന്‍ രാഹുല്‍ മറന്നതാണ് ആരാധകരെ വീണ്ടും ചൊടിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയുടെ(50 പന്തില്‍ 66) അര്‍ധ സെഞ്ചുറിക്കരുത്തിലും ലക്‌നൗവില്‍ ആറ് വിക്കറ്റിന് 135 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പതിവുപോലെ കെ എല്‍ രാഹുല്‍ ആദ്യ ഓവറില്‍ റണ്ണൊന്നും നേടിയില്ല. മുഹമ്മദ് ഷമിക്കെതിരെ ഓവര്‍ മെയ്‌ഡനാക്കി രാഹുല്‍ ആരാധകരെ ബോറടിപ്പിച്ചു. എന്നാല്‍ ഇതിന് ശേഷം 38-ാം പന്തില്‍ അര്‍ധ സെഞ്ചുറി രാഹുല്‍ തികച്ചതോടെ വിമര്‍ശകര്‍ ഒന്നടങ്ങി. എന്നാല്‍ കളി അവസാന ആറ് ഓവറിലേക്ക് എത്തിയതും വീണ്ടും തട്ടിയും മുട്ടിയും രാഹുല്‍ ആരാധകരെ വെറുപ്പിച്ചു. ഫുള്‍ടോസ് പന്തുകള്‍ പോലും ബാറ്റിന്‍റെ മധ്യത്തില്‍ കൊള്ളിക്കാന്‍ രാഹുലിനായില്ല. ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ അര്‍ധസെഞ്ചുറിക്ക് ശേഷമുള്ള 23 പന്തില്‍ 18 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഇന്നിംഗ്‌സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്‌തു.
ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 61 പന്തില്‍ 68 റണ്‍സ് നേടിയിട്ടും കെ എല്‍ രാഹുലിന് ടീമിനെ ജയിപ്പിക്കാനാവാതെ വരികയായിരുന്നു. ഏഴ് റണ്‍സിന്‍റെ തോല്‍വിയാണ് രാഹുലും സംഘവും വഴങ്ങിയത്. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-135/6 (20), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-128/7 (20). കെയ്‌ല്‍ മെയേര്‍സ് 19 പന്തില്‍ 24 ഉം, ക്രുനാല്‍ പാണ്ഡ്യ 23 പന്തില്‍ 23 ഉം, നിക്കോളാസ് പുരാന്‍ 7 പന്തില്‍ 1 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മോഹിത് ശര്‍മ്മയുടെ 20-ാം ഓവറില്‍ രാഹുലടക്കം നാല് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തായി. മോഹിത് ശര്‍മ്മയുടെ രണ്ടാം പന്തില്‍ രാഹുല്‍, ജയന്തിന്‍റെ ക്യാച്ചില്‍ മടങ്ങിയപ്പോള്‍ മൂന്നാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ്(1 പന്തില്‍ 0) മില്ലറുടെ ക്യാച്ചിലും നാലാം ബോളില്‍ ആയുഷ് ബദോനി(6 പന്തില്‍ 8) വിജയ് ശങ്കറുടെ ത്രോയിലും അഞ്ചാം പന്തില്‍ ദീപക് ഹൂഡ(2 പന്തില്‍ 2) റാഷിദിന്‍റെ ത്രോയിലും റണ്ണൗട്ടായി.
Read more: ഇനിയെങ്ങനെ തലപൊക്കി നടക്കും; ദയനീയ നാണക്കേടിന്‍റെ ബുക്കില്‍ പേരെഴുതി കെ എല്‍ രാഹുല്‍