ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം; ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് ആരാധകര്‍
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സാണ് നേടിയത്
ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സാണ്. ഇതിന് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. മത്സരത്തില്‍ ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ ടോപ് സ്കോററും അര്‍ധസെഞ്ചുറി നേടിയ ഏക താരവും ഹാര്‍ദിക്കായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ഇല്ലായിരുന്നെങ്കില്‍ 100 കടക്കാന്‍ ഇതിലധികം പ്രയാസപ്പെട്ടേനേ ചിലപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്.
നാല് റണ്‍സിന് ഒന്നും 92 റണ്‍സിന് നാല് വിക്കറ്റും എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്ന ടൈറ്റന്‍സിനെ 130 കടത്തിയ ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയത്. ഗുജറാത്ത് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ പന്തില്‍ കെ എല്‍ രാഹുല്‍ പിടിച്ച് പുറത്താകുമ്പോള്‍ പാണ്ഡ്യ 50 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സെടുത്തിരുന്നു. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചിലാണ് പാണ്ഡ്യയുടെ ഈ പ്രകടനം. രവി ബിഷ്‌ണോയിയെ ഫോറിനും തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍ക്കും പറത്തിയാണ് ഹാര്‍ദിക് പാണ്ഡ്യ ഫിഫ്റ്റി തികച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സാണ് നേടിയത്. 66 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ 37 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യത്തിനും അഭിനവ് മനോഹര്‍ അഞ്ച് പന്തില്‍ മൂന്നിനും വിജയ് ശങ്കര്‍ 12 പന്തില്‍ പത്തിനും ഡേവിഡ് മില്ലര്‍ 12 പന്തില്‍ ആറിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി രാഹുല്‍ തെവാത്തിയ പുറത്താവാതെ നിന്നു.
മൂന്നേ മൂന്ന് സിക്‌സുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതാന്‍ ഹിറ്റ്‌മാന്‍, എബിഡിയുടെ റെക്കോര്‍ഡിനും ഭീഷണി