ലഖ്‌നൗ-ചെന്നൈ മത്സരം തടസപ്പെട്ടു; മഴയില്‍ മിന്നലായി ആയുഷ് ബദോനി, ഫിഫ്റ്റി

ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല

IPL 2023 LSG vs CSK Match stops due to rain after Ayush Badoni hits fifty for Lucknow Super Giants jje

ലഖ്‌നൗ: ഐപിഎല്ലില്‍ തുടക്കത്തിലെ വിക്കറ്റ് മഴയ്‌ക്ക് ശേഷം നൂറ് കടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ വീണ്ടും പ്രതിസന്ധിയിലാക്കി സ്റ്റേഡിയത്തില്‍ കനത്ത മഴ. ടോസ് നഷ്‌ടപ്പെട്ട് സ്വന്തം മൈതാനത്ത് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 19.2 ഓവറില്‍ 7 വിക്കറ്റിന് 125 റണ്‍സെടുത്ത് നില്‍ക്കേയാണ് മഴയെത്തിയത്. നേരത്തെ മഴകാരണം വൈകിയാണ് മത്സരം തുടങ്ങിയതും. 14 ഓവറില്‍ 64 റണ്‍സ് മാത്രമുണ്ടായിരുന്ന ലഖ്‌നൗവിനെ ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ ആയുഷ് ബദോനിയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് കരകയറ്റിയത്. ബദോനി 59* റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ബദോനി 33 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ മറ്റുള്ള ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് 83 ബോളില്‍ 60 റണ്ണേ നേടിയുള്ളൂ.

ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം. 6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായി. പിന്നീട് 9.4 ഓവറില്‍ 44ന് അഞ്ച് വിക്കറ്റും വീണു. മൊയീന്‍ അലി ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ മനന്‍ വോറയ്‌ക്കും തിളങ്ങാനായില്ല. 11 പന്തില്‍ 10 നേടിയ വോറയെ ആറാം ഓവറിലെ നാലാം പന്തില്‍ മഹീഷ് തീക്‌ഷന ബൗള്‍ഡാക്കി. തൊട്ടടുത്ത ബോളില്‍ നായകന്‍ ക്രുനാല്‍ പാണ്ഡ്യയെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ ഗംഭീര ക്യാച്ചില്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി. 

ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയ്‌ല്‍സ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തില്‍ 6) അറിഞ്ഞുപോലുമില്ല. പിന്നാലെ കരണ്‍ ശര്‍മ്മയുടെ(16 പന്തില്‍ 9) ശരവേഗത്തിലുള്ള ഷോട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മൊയീന്‍ അലി പിടികൂടി. ഇതോടെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അലിക്ക് രണ്ട് വിക്കറ്റായി. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 62/5 റണ്‍സ് മാത്രമാണ് ലഖ്‌നൗവിനുണ്ടായിരുന്നത്. 18-ാം ഓവറിലാണ് നിക്കോളാസ് പുരാനും ആയുഷ് ബദോനിയുടെ ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തുന്നത്. ഇതിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ മഹീഷ് പതിരാന, നിക്കോളാസ് പുരാനെ(31 പന്തില്‍ 20) ഡ്രസിംഗ് റൂമിലെത്തിച്ചു. ബദോനി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിരാനയുടെ അവസാന ഓവറില്‍ കൃഷ്‌ണപ്പ ഗൗതം(3 പന്തില്‍ 1) രഹാനെയുടെ ക്യാച്ചില്‍ മടങ്ങി.  

Read more: സ്ലിപ്പില്‍ വെല്ലാനാളില്ല; ക്രുനാലിന്‍റെ കിളി പാറിച്ച് രഹാനെയുടെ വണ്ടര്‍ ക്യാച്ച്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios