ധോണി ചെയ്‌തത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തത്; രൂക്ഷ വിമര്‍ശനവുമായി മുന്‍ അംപയര്‍
മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ 16-ാം ഓവറിന് മുമ്പായിരുന്നു മൈതാനത്ത് നാടകീയ സംഭവങ്ങള്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ക്വാളിഫയര്‍ മത്സരത്തിനിടെ അംപയറുമായി സംസാരിച്ച് സമയം നഷ്‌ടം വരുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയെ വിമര്‍ശിച്ച് മുന്‍ അംപയര്‍ ഡാരില്‍ ഹാര്‍പ്പര്‍. ധോണി ചെയ്‌തത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതാണ് എന്നാണ് ഹാര്‍പ്പറുടെ വാക്കുകള്‍.
ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ 16-ാം ഓവറിന് മുമ്പായിരുന്നു മൈതാനത്ത് നാടകീയ സംഭവങ്ങള്‍. കുറച്ച് സമയത്തേക്ക് മൈതാനത്തിന് പുറത്തായിരുന്ന പേസര്‍ മതീഷ പതിരാന പന്തെറിയാനെത്തുന്നതുമായി ബന്ധപ്പെട്ട് അംപയര്‍മാരുമായി സംസാരിക്കുകയായിരുന്നു സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി. എട്ട് മിനുറ്റിലധികം ഒരു താരം പുറത്തിരുന്നാല്‍ തിരിച്ചെത്തി പന്തെറിയും മുമ്പ് അത്രയും സമയം തന്നെ ഫീല്‍ഡില്‍ തുടരണം എന്നാണ് ചട്ടം. ഇതിനെ ചൊല്ലിയായിരുന്നു ധോണിയും അംപയര്‍മാരും തമ്മില്‍ തര്‍ക്കം. മൈതാനത്ത് തിരിച്ചെത്തി അഞ്ച് മിനുറ്റിനുള്ളില്‍ ലങ്കന്‍ പേസറെ കൊണ്ട് പന്തെറിയിക്കാന്‍ ശ്രമിക്കുകയായിരുന്നു ധോണി. അംപയര്‍മാര്‍ ഇതിന് അനുവദിച്ചില്ല. ഈ സംഭവത്തില്‍ ധോണി മനപ്പൂര്‍വം സമയം വൈകിപ്പിക്കുകയായിരുന്നു എന്ന വിമര്‍ശനം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി ഡാരില്‍ ഹാര്‍പ്പര്‍ രംഗത്തെത്തിയത്.
'നിര്‍ണായകമായ 16-ാം ഓവര്‍ തന്‍റെ പ്രധാന ബൗളറെ കൊണ്ട് എറിയിക്കാനായി ധോണി മനപ്പൂര്‍വം മത്സരം വൈകിപ്പിക്കുകയായിരുന്നു. അംപയര്‍മാരുടെ തീരുമാനത്തിന് എതിരും ക്രിക്കറ്റിനോടുള്ള മാന്യത പുലര്‍ത്താതിരിക്കലുമാണ് ധോണിയുടെ ഭാഗത്ത് നിന്നുണ്ടായത്. ചില താരങ്ങള്‍ നിയമത്തേക്കാള്‍ മുകളിലും ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനപ്പുറവുമാണ്. ജയിക്കാനായി ഏതറ്റം വരെയും പോവുന്ന ചിലരുടെ നടപടി വലിയ നിരാശയുണ്ടാക്കുന്നതായും' ഡാരില്‍ ഹാര്‍പ്പര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 15 റണ്‍സിന്‍റെ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തിയിരുന്നു.