കെകെആറിന്‍റെ തോല്‍വിയുടെ കാരണം തിരക്കി എവിടേയും പോകണ്ടാ; എന്‍റെ പിഴ എന്ന് സമ്മതിച്ച് നിതീഷ് റാണ
തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് കെകെആര്‍ നായകന്‍ മത്സര ശേഷം വ്യക്തമാക്കി നിതീഷ് റാണ
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ് നിതീഷ് റാണ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അതേസമയം അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ നാല് വിക്കറ്റ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് കെകെആര്‍ നായകന്‍ നിതീഷ് റാണ മത്സര ശേഷം വ്യക്തമാക്കി.
'ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ 15-20 റണ്‍സ് കുറവാണ് ഞങ്ങള്‍ നേടിയത്. അതിന്‍റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. ഞാന്‍ ക്രീസില്‍ കാലുറപ്പിച്ച് നില്‍ക്കണമായിരുന്നു. മികച്ച പ്രകടനം നടത്തിയ ബൗളര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍. വരും മത്സരങ്ങള്‍ കെകെആറിന് നല്ലതാവും എന്ന് വിശ്വസിക്കുന്നു. സ്കോറിംഗ് വൈകിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പവര്‍പ്ലേയില്‍ ക്യാപിറ്റല്‍സ് നന്നായി ബാറ്റ് ചെയ്‌തു. അതിനാലാണ് ഡല്‍ഹി വിജയിച്ചത്. ടീം എന്ന നിലയില്‍ ഒത്തിണക്കത്തോടെ ഞങ്ങള്‍ കളിക്കേണ്ടതുണ്ട്. ഇന്ന് എറിഞ്ഞതുപോലെ തുടര്‍ മത്സരങ്ങളിലും പന്തെറിയണം. ഈ കാര്യങ്ങളെല്ലാം പാലിച്ചാലും മെച്ചപ്പെടുത്തിയാലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും' എന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ മത്സര ശേഷം വ്യക്തമാക്കി.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ക്യാപിറ്റല്‍സ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. സ്‌പിന്നര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ 41 പന്തില്‍ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാർണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറർ. കെകെആറിന് രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവർത്തിയുടെയും അനുകുല്‍ റോയിയുടെയും നിതീഷ് റാണയുടേയും ബൗളിംഗ് പ്രകടനം തികയാതെ വന്നു. ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്കോറര്‍. അവസാന ഓവറില്‍ ഹാട്രിക് സിക്‌സ് സഹിതം ആന്ദ്രേ റസല്‍ 31 പന്തില്‍ പുറത്താവാതെ 38* റണ്‍സെടുത്തു. ഇഷാന്ത് ശര്‍മ്മയും ആന്‍റിച്ച് നോര്‍ക്യയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.
Read more: വാട്ട് എ കംബാക്ക്; 717 ദിവസത്തിന് ശേഷമുള്ള മടങ്ങിവരവില്‍ കളിയിലെ താരമായി ഇഷാന്ത് ശര്‍മ്മ