ഇരട്ട സിക്‌സോടെ മാസ് തുടക്കം, 13 പന്തില്‍ ക്ലാസ് ഫിഫ്റ്റി; റെക്കോര്‍ഡിട്ട് യശസ്വി ജയ്‌സ്വാള്‍
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 150 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയപ്പോള്‍ ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയാണ് യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയത്
കൊല്‍ക്കത്ത: ഒരു നിമിഷമെങ്കിലും സാക്ഷാല്‍ യുവിയെ ആരാധകര്‍ക്ക് ഓര്‍മ്മവന്നു കാണും. നേരിട്ട ആദ്യ പന്തില്‍ സിക്‌സോടെ തുടങ്ങി കത്തിക്കയറി വെറും 13 പന്തുകളില്‍ ഫിഫ്റ്റി. ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ ഇഞ്ചപോലെ തല്ലി ലീഗ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് തന്‍റെ ബാറ്റില്‍ വിരിയിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.
വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 150 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയപ്പോള്‍ ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയാണ് യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയത്. കെകെആറിനായി നായകന്‍ നിതീഷ് റാണ ആദ്യ ഓവര്‍ എറിയാനെത്തിയപ്പോള്‍ യശസ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നത് 26 റണ്‍സ്. ആദ്യ രണ്ട് പന്തും ഗ്യാലറിയില്‍ എത്തിയപ്പോള്‍ മൂന്നും നാലും ബോളുകള്‍ ഫോറായി. അഞ്ചാം പന്തില്‍ രണ്ടും അവസാന ബോളില്‍ ഫോറും നേടി റാണയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുകയായിരുന്നു ജയ്‌സ്വാള്‍. പിന്നാലെ ഹര്‍ഷിത് റാണയുടെ രണ്ടാം ഓവറില്‍ 14 റണ്‍സും പിറന്നു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ തുടര്‍ച്ചയായ മൂന്ന് ഫോറിനും പിന്നാലെ സിംഗിളും നേടി 13 പന്തില്‍ തന്‍റെ അര്‍ധസെഞ്ചുറി യശസ്വി ജയ്‌സ്വാള്‍ പൂര്‍ത്തിയാക്കി. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ഇതോടെ ഈ 21 വയസുകാരന്‍ സ്വന്തമാക്കി.
പതിനാല് വീതം പന്തുകളില്‍ ഫിഫ്റ്റി അടിച്ചെടുത്ത കെ എല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡുണ്ടായിരുന്നത്. 2018ല്‍ മൊഹാലിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിനായി 14 പന്തില്‍ കെ എല്‍ രാഹുല്‍ അമ്പത് തികയ്‌ക്കുകയായിരുന്നു. 2022ല്‍ പുനെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇത്രതന്നെ പന്തുകളില്‍ നിന്നാണ് കെകെആര്‍ താരം പാറ്റ് കമ്മിന്‍സ് അര്‍ധം കണ്ടെത്തിയത്.