ജയ്‌സ്വാളിനായി വിക്കറ്റ് കളഞ്ഞ ബട്‌ലറിലുണ്ട് രാജസ്ഥാന്‍റെ ഐക്യം, ചാഹല്‍ ഇതിഹാസം; വാക്കുകള്‍ സഞ്ജുവിന്‍റേത്
ഐപിഎല്ലിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇതിഹാസത്തിന്‍റെ ടാഗ് നല്‍കേണ്ട സമയമായി എന്നും സഞ്ജു
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 9 വിക്കറ്റിന് തകര്‍ത്തതിന് പിന്നാലെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് വമ്പന്‍ പ്രശംസയുമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ജയ്‌സ്വാള്‍ ക്രീസില്‍ നില്‍ക്കാനായി ജോസ് ബട്‌ലറെ പോലൊരു ഇതിഹാസം വിക്കറ്റ് വലിച്ചെറിയുന്നത് ടീമിലെ അന്തരീക്ഷം എത്രത്തോളം നല്ലതാണ് എന്ന് വ്യക്തമാക്കുന്നു. ഐപിഎല്ലിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇതിഹാസത്തിന്‍റെ ടാഗ് നല്‍കേണ്ട സമയമായി എന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
'എനിക്കിന്ന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പന്ത് ബാറ്റില്‍ വെറുതെ കൊള്ളിക്കുകയും യശസ്വി ജയ്‌സ്വാളിന്‍റെ ബാറ്റിംഗ് കാണുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ. നമ്മള്‍ ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. പവര്‍പ്ലേയില്‍ എങ്ങനെയാവും യശസ്വി കളിക്കുകയെന്ന് ബൗളര്‍മാര്‍ക്ക് വരെ അറിയാം. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്നത് ജയ്‌സ്വാള്‍ ആസ്വദിക്കുന്നു. യുസ്‌വേന്ദ്ര ചാഹലിന് ഐപിഎല്‍ ഇതിഹാസത്തിന്‍റെ ടാഗ് നല്‍കേണ്ട സമയമാണിത്. ചാഹല്‍ ഫ്രാഞ്ചൈസിക്ക് ഒപ്പമുള്ളത് വലിയ ആനന്ദമാണ്. ചാഹലിനോട് ഒന്നും സംസാരിക്കേണ്ട കാര്യമില്ല. പന്ത് കൈയില്‍ കിട്ടിയാല്‍ എന്ത് ചെയ്യണം എന്ന് അദേഹത്തിന് നന്നായി അറിയാം. ഡെത്ത് ഓവറിലും ചാഹല്‍ നന്നായി പന്തെറിയുന്നത് ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് സന്തോഷം നല്‍കുന്നു. രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ കൂടി കളിക്കാനുണ്ട്. ഐപിഎല്ലില്‍ ഒരിക്കലും സമ്മര്‍ദം വിട്ടുപോകില്ല. എല്ലാ മത്സരവും എല്ലാ ഓവറുകളും നിര്‍ണായകമാണ്. ജോസ് ബട്‌ലറെ പോലൊരു ഇതിഹാസ താരം യശസ്വി ജയ്‌സ്വാളിനായി വിക്കറ്റ് കളയുന്നത് കാണുമ്പോള്‍ അറിയാം ടീമിനെ അന്തരീക്ഷം എന്താണെന്ന്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയിക്കാനായതില്‍ സന്തോഷമുണ്ട്. എന്നാല്‍ കുറച്ച് മത്സരങ്ങള്‍ കൂടി നമുക്ക് മുന്നിലുണ്ട്' എന്നും സഞ്ജു സാംസണ്‍ മത്സര ശേഷം വ്യക്തമാക്കി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ കെകെആര്‍ വച്ചുനീട്ടിയ 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളുമായുള്ള ഓട്ടത്തിലെ ആശയക്കുഴപ്പത്തില്‍ ജോസ് ബട്‌ലര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ജയ്‌സ്വാള്‍ 47 പന്തില്‍ 98* ഉം സഞ്ജു 29 ബോളില്‍ 48* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ, നാല് വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലും രണ്ട് പേരെ പുറത്താക്കി ട്രെന്‍റ് ബോള്‍ട്ടും ഓരോ വിക്കറ്റ് നേടി സന്ദീപ് ശര്‍മ്മയും കെ എം ആസിഫുമാണ് കെകെആറിനെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 എന്ന സ്കോറില്‍ ചുരുക്കിയത്. 42 പന്തില്‍ 57 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ മാത്രമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയുള്ളൂ.
Read more: നീ സിക്‌സടിക്ക് മച്ചാ...ജയ്‌സ്വാളിനായി പയറ്റിയ പതിനെട്ടാം അടവിന് സഞ്ജുവിന് ആരാധകരുടെ കയ്യടി