നീ സിക്‌സടിക്ക് മച്ചാ...ജയ്‌സ്വാളിനായി പയറ്റിയ പതിനെട്ടാം അടവിന് സഞ്ജുവിന് ആരാധകരുടെ കയ്യടി
48ല്‍ നില്‍ക്കേ റണ്‍സ് നേടാതെയുള്ള ആ ഒറ്റ തീരുമാനം, ആരാധക ഹൃദയം കീഴടക്കി സഞ്ജു, തകര്‍ത്തത് സുയാഷ് ശര്‍മ്മയുടെ കുതന്ത്രം
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ ഏതൊരു ടീമും കൊതിക്കുന്ന ഐതിഹാസിക ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ വച്ചുനീട്ടിയ 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ പിന്തുടര്‍ന്ന് 9 വിക്കറ്റിന്‍റെ അവിസ്‌മരണീയ ജയം സ്വന്തമാക്കുകയായിരുന്നു സഞ്ജു സാംസണും പടയും. രാജസ്ഥാന്‍ റോയല്‍സ് വിജയത്തോട് അടുക്കുമ്പോള്‍ സഞ്ജു സാംസണ്‍ എടുത്തൊരു വമ്പന്‍ തീരുമാനം ആരാധകരുടെ ഹൃദയം കീഴടക്കി.
13-ാം ഓവറില്‍ സ്‌പിന്നര്‍ സുയാഷ് ശര്‍മ്മ പന്തെറിയാനെത്തുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് 10 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അതേസമയം യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി തികയ്‌ക്കാന്‍ വേണ്ടത് 11 റണ്‍സും. ഓവറിലെ ആദ്യ ബോളില്‍ ജയ്‌സ്വാള്‍ ഒരു ബൈ റണ്‍ ഓടിയെടുത്തപ്പോള്‍ രണ്ടാം പന്തില്‍ സഞ്ജു സിംഗിള്‍ എടുത്ത് നല്‍കി. മൂന്നാം പന്തില്‍ ജയ്‌സ്വാളിന്‍റെ വക റിവേഴ്‌സ് സ്വീപ് ഫോര്‍ പിറന്നു. നാലാം പന്ത് ഗൂഗ്ലിയായി വന്നപ്പോള്‍ ബാറ്റില്‍ കൊള്ളിക്കാന്‍ യശസ്വിക്കായില്ല. അഞ്ചാം പന്തില്‍ ജയ്‌സ്വാളിന് ഒരു റണ്ണേ നേടാനായുള്ളൂ. ഇതിന് ശേഷമായിരുന്നു നാടകീയമായ ആ സംഭവം. ആറാം പന്തില്‍ സുയാഷ് ശര്‍മ്മ ലെഗ് സൈലില്‍ വൈഡ് ഫോര്‍ എറിഞ്ഞ് മത്സരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടു. ജയ്‌സ്വാളിന്‍റെ സെഞ്ചുറിയും സഞ്ജുവിന്‍റെ ഫിഫ്റ്റിയുടെ തകര്‍ക്കാനുള്ള കെകെആറിന്‍റെ കുതന്ത്രമായിരുന്നു ഇത്. എന്നാല്‍ ലെഗ് സ്റ്റംപിലേക്ക് ഇറങ്ങിക്കളിച്ച സഞ്ജു സാഹസികമായി പന്ത് മുട്ടിയിട്ട് ആ ശ്രമം തകര്‍ത്തു. എന്നിട്ട് സിക്‌സോടെ മത്സരം ഫിനിഷ് ചെയ്യാന്‍ ജയ്‌സ്വാളിനോട് ആംഗ്യം കാട്ടി സഞ്ജു സാംസണ്‍.
പേസര്‍ ഷര്‍ദുല്‍ ഠാക്കൂര്‍ 14-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 94 റണ്‍സായിരുന്നു ജയ്‌സ്വാളിനുണ്ടായിരുന്നത്. സഞ്ജു മനസില്‍ കണ്ടത് പോലെ സിക്‌സ് നേടിയാല്‍ ജയ്‌സ്വാളിന് സെഞ്ചുറിയോടെ രാജസ്ഥാന് വിജയം സമ്മാനിക്കാനാകുമായിരുന്ന നിമിഷം. എന്നാല്‍ താക്കൂറിന്‍റെ വൈഡ് യോര്‍ക്കറില്‍ ഫോറോടെ മത്സരം ഫിനിഷ് ചെയ്യാനേയായുള്ളൂ യശസ്വി ജയ്‌സ്വാളിന്. ജയ്‌സ്വാളിന് സെഞ്ചുറി തികയ്‌ക്കാനായില്ല എന്ന് മാത്രമല്ല, സഞ്ജുവിന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാനും ഇതോടെ കഴിഞ്ഞില്ല. വ്യക്തിഗത സ്കോര്‍ 48ല്‍ നില്‍ക്കേ അനായാസം അര്‍ധ സെഞ്ചുറിയെടുക്കാന്‍ അവസരമുണ്ടായിട്ടും സുയാഷിന്‍റെ പന്ത് ഡോട് ബോളാക്കി സീസണില്‍ ജയ്‌സ്വാളിന്‍റെ രണ്ടാം സെഞ്ചുറിക്കായി എല്ലാ പരിശ്രമവും നടത്തിയ സഞ്ജുവിന് പ്രശംസയുമായി ആരാധകര്‍ ഇതോടെ രംഗത്തെത്തുകയായിരുന്നു. മത്സരം രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ വിജയിച്ചപ്പോള്‍ ജയ്‌സ്വാള്‍ 47 പന്തില്‍ 98* ഉം സഞ്ജു 29 ബോളില്‍ 48* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
Read more: ഇങ്ങനെ വന്ദേ ഭാരത് വേഗത്തില്‍ ജയിച്ചാല്‍ റെക്കോര്‍ഡ് ഉറപ്പല്ലേ; ചരിത്രമെഴുതി സഞ്ജുവിന്‍റെ റോയല്‍സ്