റണ്ണൗട്ടിലെ കലിപ്പ് അതിരുവിട്ടു, ഒടുവില്‍ ചെവിക്ക് പിടി വീണു; ജോസ് ബട്‌ലര്‍ക്ക് പിഴ ശിക്ഷ
യശസ്വി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു ജോസ് ബട്‌ലര്‍
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ആധികാരിക വിജയത്തിനിടയിലും രാജസ്ഥാന്‍ റോയല്‍സിന് നിരാശ. റണ്ണൗട്ടായതില്‍ അമിത ക്ഷോഭം പ്രകടിപ്പിച്ച സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ വിധിച്ചു. ഐപിഎല്‍ പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 ബട്‌ലര്‍ ലംഘിച്ചു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ലെവല്‍ വണ്‍ പെരുമാറ്റചട്ട ലംഘനമാണിത്. മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ് എന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ യശസ്വി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു ജോസ് ബട്‌ലര്‍. എന്നാല്‍ ആകസ്‌മികമായി പുറത്തായതിലുള്ള രോക്ഷം പിടിച്ചുനിര്‍ത്താന്‍ ബട്‌ലര്‍ക്കായില്ല. ഡ്രസിംഗ് റൂമിലേക്കുള്ള മടക്കിനിടയിലും ബട്‌ലര്‍ ചൂടാവുന്നതും രോക്ഷം പ്രകടിപ്പിക്കുന്നതും ടെലിവിഷന്‍ ക്യാമറകളില്‍ കാണാമായിരുന്നു. ബട്‌ലറുടെ വിളി കേള്‍ക്കാതെ റണ്ണിനായി ഓടുകയായിരുന്നു യശസ്വി ജയ്‌സ്വാള്‍. ഇതോടെ ബട്‌ലര്‍ ക്രീസിലേക്കെത്താന്‍ വൈകിയപ്പോള്‍ നേരിട്ടുള്ള ത്രോയിലൂടെ ആന്ദ്രേ റസല്‍ ഇംഗ്ലീഷ് താരത്തെ മടക്കുകയായിരുന്നു. സീസണില്‍ സ്ഥിരത പുലര്‍ത്താത്ത ബട്‌ലര്‍ മൂന്ന് പന്തില്‍ വ്യക്തിഗത അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.
എന്നാല്‍ ജോസ് ബട്‌ലര്‍ പുറത്തായ ശേഷം 13 പന്തില്‍ ഫിഫ്റ്റി തികച്ച യശസ്വി ജയ്‌സ്വാള്‍ ഇംഗ്ലീഷ് താരത്തെ പുറത്താക്കിയതിന്‍റെ എല്ലാ പാപവും കഴുകിക്കളഞ്ഞു. ജയ്‌സ്വാള്‍ 47 പന്തില്‍ പുറത്താകാതെ 98* ഉം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 29 പന്തില്‍ 48* ഉം റണ്‍സും നേടിയതോടെ രാജസ്ഥാന്‍ റോയല്‍സ് 9 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ നാല് ഓവറില്‍ 25 റണ്‍സിന് 4 വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലും റോയല്‍സിന്‍റെ ജയത്തില്‍ നിര്‍ണായകമായി.
Read more: ഗുജറാത്തിനെതിരെ മുംബൈ ജയിക്കല്ലേ...മുട്ടിപ്പായി പ്രാര്‍ഥിച്ച് രാജസ്ഥാന്‍ റോയല്‍സ്!