ലഖ്‌നൗവിന് രക്ഷകനായി പുരാന്‍, മിന്നല്‍ ഫിഫ്റ്റി; കെകെആറിന് 177 റണ്‍സ് വിജയലക്ഷ്യം
ഈഡന്‍ ഗാര്‍ഡന്‍സില്‍ വിക്കറ്റ് വീഴ്‌ചയോടെയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരുവേള വിറച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഒടുവില്‍ മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എല്‍എസ്‌ജി 20 ഓവറില്‍ 8 വിക്കറ്റിന് 176 റണ്‍സെടുത്തു. നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിനെ രക്ഷിച്ചത്. നേരിട്ട 28-ാം പന്തില്‍ സിക്‌സോടെ അര്‍ധസെഞ്ചുറി തികച്ച പുരാന്‍ 30 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റണ്‍സെടുത്ത് മടങ്ങി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ വിക്കറ്റ് വീഴ്‌ചയോടെയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. ലഖ്‌നൗ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ കരണ്‍ ശര്‍മ്മയെ(5 പന്തില്‍ 3) ഹര്‍ഷിത് റാണ പുറത്താക്കി. ഇതിന് ശേഷം ക്വിന്‍റണ്‍ ഡികോക്കും പ്രേരക് മങ്കാദും ചേര്‍ന്ന് ടീമിനെ പവര്‍പ്ലേയില്‍ 51 റണ്‍സില്‍ എത്തിച്ചെങ്കിലും കൂട്ടുകെട്ട് അധികം നീളാന്‍ വൈഭവ് അറോറ അനുവദിച്ചില്ല. 20 പന്തില്‍ 26 റണ്‍സെടുത്ത പ്രേരകിനെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ലഖ്‌നൗവിന് നഷ്‌ടമായി. ഇതേ ഓവറില്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ വൈഭവിന്‍റെ ബൗണ്‍സറില്‍ കൂറ്റനടിക്കാരന്‍ മാര്‍ക്കസ് സ്റ്റോയിനിസും(2 പന്തില്‍ 0) പുറത്തായി.
ഇതിന് ശേഷം രക്ഷാപ്രവര്‍ത്തന ദൗത്യം ക്വിന്‍റണ്‍ ഡികോക്കിനൊപ്പം ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ചുമലിലായി. എന്നാല്‍ സുനില്‍ നരെയ്‌ന്‍ ക്രുനാലിന് മടക്ക ടിക്കറ്റ് കൊടുത്തതോടെ കെകെആര്‍ പിടിമുറുക്കി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനുണ്ടായിരുന്നത്. തൊട്ടടുത്ത പന്തില്‍ ക്വിന്‍റണ്‍ ഡികോക്കിനെ(28 പന്തില്‍ 28) റസലിന്‍റെ കൈകളില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിച്ചതോടെ കാര്യങ്ങള്‍ക്കൊരു തീരുമാനമായെന്ന് തോന്നിച്ചു.
പക്ഷേ, ആറാം വിക്കറ്റിലെ നിക്കോളാസ് പുരാന്‍-ആയുഷ് ബദോനി കൂട്ടുകെട്ട് തിരിച്ചടി തുടങ്ങിയതോടെ 15 ഓവറില്‍ ടീം സ്കോര്‍ 119ല്‍ എത്തി. പുരാനൊപ്പം ബദോനിക്കും തകര്‍ത്തടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലഖ്‌നൗവിന് ഇതിലും ഉയര്‍ന്ന സ്കോറിലെത്താമായിരുന്നു. 21 പന്തില്‍ 25 റണ്‍സ് നേടിയ ബദോനിയെ 18-ാം ഓവറിലെ അവസാന പന്തില്‍ നരെയ്‌ന്‍ മടക്കി. ഇതിന് ശേഷം 19-ാം ഓവറില്‍ ഷര്‍ദ്ദുലിനെ തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തിയ പുരാനെ മൂന്നാം പന്തില്‍ വെങ്കടേഷ് അയ്യര്‍ പിടിച്ചു. ഇതേ ഓവറില്‍ രവി ബിഷ്‌ണോയിയും(2 പന്തില്‍ 2) മടങ്ങിയപ്പോള്‍ കൃഷ്‌ണപ്പ ഗൗതവും(4 ബോളില്‍ 11*) നവീന്‍ ഉള്‍ ഹഖും(3 പന്തില്‍ 2*) പുറത്താവാതെ നിന്നു.