ഈഡനിലെ രഹാനെ 2.0 ചരിത്രമായി; ഗംഭീറിന്‍റെയും ജഡേജയുടേയും നേട്ടത്തിനൊപ്പം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തോടെ സിഎസ‌്കെ താരം അജിങ്ക്യ രഹാനെ ഒരു നേട്ടത്തിലെത്തി
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലൂടെ രഹാനെ 2.0യെ കാണുകയാണ് ആരാധകര്‍. ട്വന്‍റി 20 തനിക്ക് പറ്റിയ ഫോര്‍മാറ്റല്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലിന്‍റെ ഈ സീസണില്‍ കളംനിറയുകയാണ് അജിങ്ക്യ രഹാനെ. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 29 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താവാതെ 71* റണ്‍സ് നേടി രഹാനെ ഏവരേയും അമ്പരപ്പിച്ചിരുന്നു. മത്സരത്തില്‍ കെകെആറിനെ ചെന്നൈ 49 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ രഹാനെയായിരുന്നു പ്ലെയര്‍ ഓഫ് ദ് മാച്ച്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തോടെ സിഎസ‌്കെ താരം അജിങ്ക്യ രഹാനെ ഒരു നേട്ടത്തിലെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങളില്‍ 13 എണ്ണം വീതമുള്ള ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പമെത്തി രഹാനെ. മൂവരും ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ ആറാമതാണ്. രോഹിത് ശര്‍മ്മ(19), എം എസ് ധോണി(17), യൂസഫ് പത്താന്‍(16), വിരാട് കോലി(15), സുരേഷ് റെയ്‌ന(14) എന്നിവരാണ് ഗംഭീറിനും ജഡേജയ്‌ക്കും രഹാനെയ്‌ക്കും മുന്നിലുള്ളത്. ഐപിഎല്ലില്‍ ഏഴ് വര്‍ഷത്തിനിടെ അജിങ്ക്യ രഹാനെയുടെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണിത്. ഇതിന് മുമ്പ് 2016ലാണ് രഹാനെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത് എന്നതും ശ്രദ്ധേയമാണ്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 49 റൺസിന്‍റെ മിന്നും വിജയമാണ് എം എസ് ധോണിയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത സിഎസ്കെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് അടിച്ചുകൂട്ടിയത്. ചെന്നൈക്കായി ഡേവോൺ കോൺവെ(56), അജിങ്ക്യ രഹാനെ(71*), ശിവം ദുബെ(50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കെകെആറിന്‍റെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസിൽ അവസാനിച്ചു. 26 പന്തില്‍ 61 റണ്‍സെടുത്ത ജേസന്‍ റോയിയാണ് ടോപ് സ്കോറര്‍. റിങ്കു സിംഗ് 53 റണ്‍സ് നേടി. തുഷാര്‍ ദേശ്‌പാണ്ഡെയും മഹീഷ് തീക്‌ഷനയും രണ്ട് വീതവും ആകാശ് സിംഗും മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും മതീഷ പതിരാനയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Read more: 2004ലെ സിഡ്‍നി; മാസ്റ്റർ ബ്ലാസ്റ്ററുടെ മാസ്റ്റർ ക്ലാസ് ഇന്നിംഗ്‍സ്