29 പന്തില്‍ 71*; അജിങ്ക്യ രഹാനെ ബാറ്റ് വീശുന്നത് ബ്രണ്ടന്‍ മക്കല്ലം സ്റ്റൈലില്‍, പ്രശംസ മോര്‍ഗന്‍റേത്
രഹാനെയുടെ ബാറ്റിംഗ് ശൈലിയേക്കാള്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ബാറ്റിംഗ് രീതിയാണ് നാം ഇപ്പോള്‍ കാണുന്നത് എന്ന് മോര്‍ഗന്‍
കൊല്‍ക്കത്ത: ഇങ്ങനെയും മാറുമോ ബാറ്റിംഗ് ശൈലി, അതും ട്വന്‍റി 20 പോലൊരു ഫോര്‍മാറ്റില്‍, തന്‍റെ കരിയറിന്‍റെ അവസാന കാലത്ത്. ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യുന്ന രീതി ഏവരേയും അമ്പരപ്പിക്കുകയാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന താരമാണ് തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് കാട്ടിയിരിക്കുന്നത്. ഇതോടെ രഹാനെ 2.0 എന്ന് ആരാധകര്‍ വാഴ്‌ത്തുമ്പോള്‍ അദേഹത്തെ വെടിക്കെട്ട് വീരനായ ന്യൂസിലന്‍ഡ് ബാറ്റിംഗ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലവുമായി താരതമ്യം ചെയ്യുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍.
'അജിങ്ക്യ രഹാനെ തന്നെ പൂര്‍ണമായും മാറ്റിയെഴുതിയിരിക്കുന്നു. രഹാനെയുടെ ബാറ്റിംഗ് ശൈലിയേക്കാള്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ബാറ്റിംഗ് രീതിയാണ് നാം ഇപ്പോള്‍ കാണുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ കളിച്ച മത്സരങ്ങളില്‍ രഹാനെയുടെ സ്ട്രൈക്ക് റേറ്റ് വളരെ ഉയര്‍ന്നതാണ്. ചില ഷോട്ടുകള്‍ എലഗന്‍റ് മാത്രമല്ല, അവിശ്വസനീയമാം വിധമാണ്. ആന്ദ്രേ റസലിനെതിരെ കൂറ്റന്‍ സിക്‌സ് നേടി. സിഎസ്‌കെയില്‍ എത്തിയ ശേഷമാണ് ഇത് സംഭവിച്ചത് എന്ന് അംഗീകരിച്ചേ മതിയാകൂ' എന്നും ഓയിന്‍ മോര്‍ഗന്‍ ജിയോ സിനിമയിലെ കമന്‍ററിക്കിടെ പറഞ്ഞു. ഐപിഎല്ലിന്‍റെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്കെതിരെ മക്കല്ലം 10 ഫോറിന്‍റെയും 13 സിക്‌സറുകളുടേയും അകമ്പടിയോടെ പുറത്താവാതെ 158* റണ്‍സ് നേടിയിരുന്നു.
ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലും സിഎസ്‌കെയ്‌ക്കായി ബാറ്റ് കൊണ്ട് കത്തിക്കയറുകയായിരുന്നു അജിങ്ക്യ രഹാനെ. 29 പന്ത് നേരിട്ട താരം ആറ് ഫോറും അഞ്ച് സിക്‌സുകളും സഹിതം 244.83 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവാതെ 71* റണ്‍സ് കണ്ടെത്തി. ദേവോണ്‍ കോണ്‍വേ 56 ഉം ശിവം ദുബെ 50 ഉം റുതുരാജ് ഗെയ്‌ക്‌വാദ് 35 ഉം നേടിയതോടെ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നാല് വിക്കറ്റിന് 235 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ കെകെആറിന്‍റെ ഇന്നിംഗ്‌സ് 186-8 എന്ന നിലയില്‍ അവസാനിച്ചതോടെ സിഎസ്‌കെ 49 റണ്ണിന്‍റെ വിജയം നേടി.
Read more: മൈറ്റി ഓസീസിനെതിരായ 117*; സിഡ്‍നിയിലെ സച്ചിനിസം എക്കാലത്തെയും മികച്ച സെഞ്ചുറികളിലൊന്ന്