റസലിന് സന്തോഷ ജന്മദിനമില്ല! റിങ്കു ഷോയ്ക്ക് ഈഡനില്‍ പ്രതികാരം ചെയ്ത് ഹാര്‍ദിക്കും സംഘവും, മിന്നും വിജയം

കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ഗുജറാത്ത് മറികടന്നു. 49 റണ്‍സെടുത്ത ശുഭ്മാൻ ഗില്‍, അവസാന ഓവറുകളില്‍ മിന്നിയ ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ (51*) എന്നിവരാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്.

ipl 2023 gujarat titans beat kkr at eden gardens btb

കൊല്‍ക്കത്ത: അഹമ്മദാബാദിലെ റിങ്കു ഷോയ്ക്ക് വിഖ്യാതമായ ഈഡൻ ഗാര്‍ഡൻസില്‍ പ്രതികാരം ചെയ്ത് ഗുജറാത്ത് ടൈറ്റൻസ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്തയെ ഗുജറാത്ത് കനത്ത തോല്‍വിയിലേക്കാണ് തള്ളിവിട്ടത്. ഏഴ് വിക്കറ്റിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരിലാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ഗുജറാത്ത് മറികടന്നു. 49 റണ്‍സെടുത്ത ശുഭ്മാൻ ഗില്‍, അവസാന ഓവറുകളില്‍ മിന്നിയ ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ (51*) എന്നിവരാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. കൊല്‍ക്കത്തയ്ക്ക് റഹ്‌മാനുള്ള ഗുര്‍ബാസിന്റെ മികവാണ് ഭേദപ്പെട്ട സ്കോര്‍ നേടി കൊടുത്തത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. 

കൊല്‍ക്കത്ത ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഗുജറാത്തിന് മോശം തുടക്കമാണ് ലഭിച്ചത്. വൃദ്ധമാൻ സാഹ (10) നിരാശപ്പെടുത്തി. ഇംപാക്ട് പ്ലെയര്‍ ശുഭ്മാൻ ഗില്ലും നായകൻ ഹാര്‍ദിക് പാണ്ഡ്യയും ഒന്നിച്ചതോടെ ടൈറ്റൻസ് ടോപ് ഗിയറിലേക്ക് കയറി. മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെ 20 പന്തില്‍ 26 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ഹര്‍ഷിത് റാണ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ നരെയ്ൻ, ഗില്ലിനെയും മടക്കിയതോടെ കൊല്‍ക്കത്ത ആവേശത്തിലായി. 35 പന്തിലാണ് ഗില്‍ 49 റണ്‍സെടുത്തത്.

കെകെആര്‍ പിടിമുറുക്കുമെന്ന ഘട്ടത്തില്‍ ഡേവിഡ് മില്ലര്‍ സുയാഷ് ശര്‍മ്മയെ അടുത്തടുത്ത പന്തുകളില്‍ സിക്സിന് പറത്തി ഗുജറാത്തിന് മേധാവിത്വം നേടിക്കൊടുത്തു. അഞ്ച് ഓവറില്‍ 51 റണ്‍സാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. നിര്‍ണായക സമയത്ത് മില്ലറിന്‍റെ ക്യാച്ച് സുയാഷ് ശര്‍മ്മ പാഴാക്കിയത് മത്സരത്തില്‍ നിര്‍ണായകമായി. വിജയ് ശങ്കറും മികവ് കാട്ടിയതോടെ കൊല്‍ക്കത്തൻ പ്രതീക്ഷകള്‍ മങ്ങി. പിന്നീട് കൊല്‍ക്കത്തയ്ക്ക് ഒരവസരം പോലും കൊടുക്കാതെ വിജയ് ശങ്കര്‍ ഗുജറാത്തിന്‍റെ പ്രതികാരം പൂര്‍ത്തിയാക്കി. 

നേരത്തെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് റഹ്‌മാനുള്ള ഗുര്‍ബാസിന്റെ (39 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. അവസാന ഓവറുകളില്‍ ആന്ദ്രേ റസ്സലിന്റെ (34) പ്രകടനവും ടീമിന് ഗുണം ചെയ്തു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു.

മൂന്നാം ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാരയണ്‍ ജഗദീഷനെ (19) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്ഥാനക്കയറ്റം നേടിയെത്തിയ ഷാര്‍ദുലിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഷമിയെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ മോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി. വെങ്കടേഷ് അയ്യര്‍ (11), നിതീഷ് റാണ (4), റിങ്കു സിംഗ് (19) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഗുര്‍ബാസിനെ നൂര്‍ അഹമ്മദ് മടക്കുകയും ചെയ്തു. ഇതോടെ അഞ്ചിന് 135 എന്ന നിലയിലായി കൊല്‍ക്കത്ത. 39 പന്തുകള്‍ മാത്രം നേരിട്ട ഗുര്‍ബാസ് ഏഴ് സിക്‌സും അഞ്ച് ഫോറും നേടി. എന്നാല്‍ ആന്ദ്രേ റസ്സല്‍ (19 പന്തില്‍ 34) പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. അവസാന പന്തിലാണ് റസ്സല്‍ പുറത്താവുന്നത്. ഡേവിഡ് വീസ് (8) പുറത്താവാതെ നിന്നു.

സച്ചിനോട് വരെ ഉപമിക്കപ്പെട്ട യുവതാരം; ഇപ്പോഴത്തെ അവസ്ഥ അതിദയനീയം, ഒരിക്കൽ നെഞ്ചേറ്റിയ റിക്കിയും തള്ളിപ്പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios