ഷമി കൊടുങ്കാറ്റില്‍ ക്ലാസന്‍ വെടിക്കെട്ട് അണഞ്ഞു; ഗുജറാത്ത് പ്ലേ ഓഫില്‍, സണ്‍റൈസേഴ്‌സ് അസ്‍തമിച്ചു

മറുപടി ബാറ്റിംഗില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി തകര്‍ത്തെറിഞ്ഞതോടെ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു

IPL 2023 GT vs SRH Result Gujarat Titans into playoffs after beat Sunrisers Hyderabad jje

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുഹമ്മദ് ഷമി കൊടുങ്കാറ്റ് വീശിയടിച്ചു, ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഷമി കൊടുങ്കാറ്റില്‍ 34 റണ്‍സിന് തോല്‍പിച്ചാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പ്ലേ ഓഫിലേക്ക് കുതിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെന്‍‍റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. മുഹമ്മദ് ഷമിയും മോഹിത് ശർമ്മയും നാല് വീതം വിക്കറ്റ് നേടി. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി. 

ഷമി-മോഹിത് കൊടുങ്കാറ്റ്

മറുപടി ബാറ്റിംഗില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി തകര്‍ത്തെറിഞ്ഞതോടെ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ അമോല്‍പ്രീത് സിംഗിനെ(4 പന്തില്‍ 5) റാഷിദ് ഖാന്‍റെ കൈകളില്‍ എത്തിച്ചാണ് ഷമി തുടങ്ങിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയെ(5 പന്തില്‍ 4) യഷ് ദയാല്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. രാഹുല്‍ ത്രിപാഠി(2 പന്തില്‍ 1), ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം(10 പന്തില്‍ 10) എന്നിവരേയും ഷമി മടക്കിയപ്പോള്‍ സന്‍വീര്‍ സിംഗിനെയും(6 പന്തില്‍ 7), അബ്‌ദുല്‍ സമദിനേയും(3 പന്തില്‍ 4) മോഹിത് ശര്‍മ്മ മടക്കി. ഇതോടെ 6.4 ഓവറില്‍ 49-6 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് പതറി. 

ഇതിന് ശേഷം മാര്‍ക്കോ യാന്‍സനെ(6 പന്തില്‍ 3) പുറത്താക്കി മോഹിത് ശര്‍മ്മ മൂന്ന് വിക്കറ്റ് തികച്ചു. എന്നാല്‍ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് വെടിക്കെട്ട് നടത്തിയ ഹെന്‍‍റിച്ച് ക്ലാസന്‍ സണ്‍റൈസേഴ്സിന് പ്രതീക്ഷ നല്‍കി. 44 പന്തില്‍ 64 റണ്‍സെടുത്ത് നില്‍ക്കേ ക്ലാസനെ മില്ലറുടെ കൈകളിലെത്തിച്ച് ഷമി നാല് വിക്കറ്റ് തികച്ചതോടെ ടൈറ്റന്‍സ് ജയമുറപ്പിച്ചു. 26 പന്തില്‍ 27 റണ്‍സെടുത്ത ഭുവിയെ മോഹിത് ശർമ്മ റാഷിദിന്‍റെ കൈകളിലാക്കി. 20 ഓവറും പൂർത്തിയാകുമ്പോൾ മായങ്ക് മർക്കാണ്ഡെയും(9 പന്തിൽ 18), ഫസൽഹഖ് ഫറൂഖിയും(5 പന്തിൽ 1) പുറത്താവാതെ നിന്നു. 

ഭുവിക്ക് അഞ്ച്, ഗില്ലിന് സെഞ്ചുറി

നേരത്തെ, ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഫിനിഷിംഗ് പിഴച്ച ഗുജറാത്ത് ടൈറ്റന്‍സിന് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സാണ് നേടാനായത്. വൃദ്ധിമാന്‍ സാഹ(3 പന്തില്‍ 0), ഹാര്‍ദിക് പാണ്ഡ്യ(6 പന്തില്‍ 8), ശുഭ്‌മാന്‍ ഗില്‍(58 പന്തില്‍ 101), റാഷിദ് ഖാന്‍(1 പന്തില്‍ 0), മുഹമ്മദ് ഷമി(1 പന്തില്‍ 0) എന്നിവരെ പുറത്താക്കിയ ഭുവി, നൂര്‍ അഹമ്മദിനെ(1 പന്തില്‍ 0) റണ്ണൗട്ടാക്കുകയും ചെയ്‌തു. ഇതില്‍ ഗില്ലും റാഷിദും നൂറും ഷമിയും പുറത്തായത് ഇന്നിംഗ്‌സിലെ 20-ാം ഓവറിലാണ്. ഈ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുവി മൂന്ന് വിക്കറ്റും ഒരു റണ്ണൗട്ടും പേരിലാക്കി. ഭുവിയുടെ ബൗളിംഗ് മികവാണ് അനായാസം 200 കടക്കേണ്ടിയിരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് തടയിട്ടത്. 

ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) ബാറ്റിംഗും ഗുജറാത്ത് ടൈറ്റന്‍സിന് നിര്‍ണായകമായി. ആദ്യ ഓവറില്‍ വൃദ്ധിമാന്‍ സാഹ പൂജ്യത്തില്‍ പുറത്തായ ശേഷം ഇരുവരും രണ്ടാം വിക്കറ്റില്‍ 146 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ചു. ആദ്യ 12 ഓവറില്‍ 131-1 എന്ന നിലയിലായിരുന്ന ടൈറ്റന്‍സിന് അവസാന 8 ഓവറില്‍ ഭുവിയുടെ തീപാറും ബൗളിംഗിന് മുന്നില്‍ 57-8 മാത്രമേ നേടാനായുള്ളൂ. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ മാര്‍ക്കോ യാന്‍സനും ഫസല്‍ഹഖ് ഫറൂഖിയും ടി നടരാജനും ഓരോ വിക്കറ്റ് നേടി. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് ഭുവി അഞ്ച് ഗുജറാത്ത് ബാറ്റര്‍മാരെ പവലിയനിലേക്ക് മടക്കിയത്. എന്നാല്‍ മത്സരം ടൈറ്റന്‍സ് സ്വന്തമാക്കി. 

Read more: ടൈറ്റന്‍സിനെതിരായ ടൈറ്റ് ഏറ്; അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവിക്ക് ഇരട്ട റെക്കോര്‍ഡ്

Latest Videos
Follow Us:
Download App:
  • android
  • ios