സഞ്ജു സാംസണ്‍ സ്‌പെഷ്യല്‍ താരം, ധോണിയെ പോലെ, ഇന്ത്യന്‍ ടീമിലെടുക്കണം; വാദിച്ച് ഹര്‍ഭജന്‍
സഞ്ജു സാംസണിന് ടീം ഇന്ത്യ അവസരം നല്‍കണമെന്ന് സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി തന്‍റെ ബാറ്റിംഗ് മികവ് കാട്ടിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തുടക്കത്തിലെ വിക്കറ്റുകള്‍ വീണിട്ടും പതറാതെ ടീമിനെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരുന്ന ബാറ്റിംഗാണ് സഞ്ജു പുറത്തെടുത്തത്. അതും രാജ്യാന്തര ടി20യിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും എല്ലാ ബാറ്റര്‍മാരുടേയും പേടിസ്വപ്‌നമായ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനെ ഹാട്രിക് സിക്‌സിന് അടക്കം പറത്തി. ഇതോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
സഞ്ജു സാംസണിന് ടീം ഇന്ത്യ അവസരം നല്‍കണമെന്ന് സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. 'വമ്പന്‍ പ്രകടനം. ക്യാപ്റ്റന്‍റെ കളി. ഇത്തരമൊരു പ്രകടനം പുറത്തെടുക്കണമെങ്കില്‍ മറ്റ് താരങ്ങളേക്കാള്‍ ധൈര്യം വേണം. സഞ്ജു ഒരു സ്‌പെഷ്യല്‍ താരമാണ്. ഷിമ്രോന്‍ ഹെറ്റ്‌മെയറേക്കാള്‍ ഇംപാക്‌ട് സഞ്ജു മത്സരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. സഞ്ജു കൈപ്പിടിയിലൊതുക്കിയ മത്സരമാണ് ഹെറ്റ്‌മെയര്‍ ഫിനിഷ് ചെയ്‌തത്. നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരം അവസാനം വരെ കൊണ്ടുപോകാം. എം എസ് ധോണി അങ്ങനെ മത്സരം കൊണ്ടുപോവുകയും ഫിനിഷ് ചെയ്യുകയും ചെയ്യുന്നയാളാണ്. ധോണിക്ക് തന്‍റെ കഴിവില്‍ വിശ്വാസമുണ്ട്. അവസാന ഓവര്‍ വരെ നിന്നാല്‍ മത്സരം ഫിനിഷ് ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട് ധോണിക്കും സഞ്ജുവിനും. ഹെറ്റ്‌മെയറും അതുതന്നെയാണ് ചെയ്‌തത്. അവസാനം വരെ നിന്ന് മത്സരം ഫിനിഷ് ചെയ്‌തു. എന്നാല്‍ മത്സരം അവസാനം വരെ എത്തിച്ചത് സഞ്ജു സാംസണാണ്. സഞ്ജുവിന് ഏറെ കഴിവുണ്ട്. അദേഹം ഇന്ത്യക്കായി കളിക്കണം' എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഷു വെടിക്കെട്ടുമായി ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മൂന്ന് വിക്കറ്റിന്‍റെ ജയം സമ്മാനിക്കുകയായിരുന്നു. 26 പന്തില്‍ രണ്ട് ഫോറും 5 സിക്‌സും സഹിതം 56* റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നപ്പോള്‍ നാല് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ റോയല്‍സ് വിജയിച്ചു. നാലാമനായി ക്രീസിലെത്തി 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് തുടരുകയായിരുന്നു ഷിമ്രോന്‍ ഹെറ്റ്‌മെയര്‍.
സഞ്ജു തിരി കൊളുത്തി, 'ഹിറ്റ്‌മെയര്‍' പൂര്‍ത്തിയാക്കി; ഗുജറാത്തിനോട് കടംവീട്ടി റോയല്‍സ്