ആരാധകരെ ശാന്തരാകുവിന്‍; റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരത്തിനെത്തുന്നു

ദില്ലിയിലെ അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക

IPL 2023 good news for DC fans Rishabh Pant will attend Delhi Capitals vs Gujarat Titans match jje

ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെയും ആരാധകരേയും ആവേശത്തിലാക്കാന്‍ റിഷഭ് പന്ത് ഇന്ന് ആദ്യ ഹോം മത്സരം കാണാനെത്തും. കഴിഞ്ഞ വര്‍ഷം അവസാനം സംഭവിച്ച കാര്‍ അപകടത്തിന് ശേഷം സുഖംപ്രാപിച്ച് വരുന്ന റിഷഭ് ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ഡല്‍ഹിയുടെ ഹോം മത്സരത്തിന് വരുമെന്ന് ഡല്‍ഹി ആന്‍ഡ് ഡിസ്‌ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. 

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്. പരിക്കിനിടയിലും റിഷഭ് പന്ത് തന്‍റെ ടീമിനെ പിന്തുണയ്‌ക്കാനെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സ്റ്റാറാണ് അദേഹം. പരിക്കിനിടയിലും മത്സരം കാണാനെത്തുന്ന റിഷഭിനെ കൈയ്യടികളോടെ ആരാധകര്‍ വരവേല്‍ക്കും എന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹി ആന്‍ഡ് ഡിസ്‌ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി വ്യക്തമാക്കി. സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരമാണിന്ന്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ആദ്യ എവേ മത്സരത്തില്‍ 50 റണ്‍സിന് പരാജയപ്പെട്ട ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ റിഷഭിനെ സാക്ഷിയാക്കി ആദ്യ ജയം നേടാനാണ് ഇറങ്ങുന്നത്. അതേസമയം നാല് തവണ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ അ‌ഞ്ച് വിക്കറ്റ് ജയവുമായാണ് ഗുജറാത്തിന്‍റെ വരവ്. 

അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും എന്ന് വ്യക്തമല്ല. 

കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം; വുഡിനെ 6, 6 പറത്തി ധോണി- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios