കപ്പ് തൊട്ടാല്‍ മതി; ഒന്നിലേറെ റെക്കോര്‍ഡുകള്‍ക്ക് തൊട്ടരികെ ധോണിയും സിഎസ്‌കെയും

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേരിലാണ്

IPL 2023 Final MS Dhoni and CSK near multiple records if they win trophy jje

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ കിരീടപ്പോരാട്ടമാണ് ഞായറാഴ്‌ച. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുമ്പ് നാല് വട്ടം കിരീടം അണിഞ്ഞിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് മുഖാമുഖം വരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌‌ക്കാണ് കലാശപ്പോര് ആരംഭിക്കുക. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിരീടം ഉയര്‍ത്തിയാല്‍ മൂന്ന് റെക്കോര്‍ഡുകളാണ് എം എസ് ധോണിയേയും സംഘത്തേയും കാത്തിരിക്കുന്നത്. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേരിലാണ്. രോഹിത് ശര്‍മ്മയുടെ ടീം അഞ്ച് തവണയാണ് ഐപിഎല്‍ ചാമ്പ്യന്‍മാരായത്. നാല് കിരീടങ്ങളുമായി രണ്ടാമതുള്ള സിഎസ്‌കെയ്‌ക്ക് ടൈറ്റന്‍സിനെ കീഴ്‌പ്പെടുത്തിയാല്‍ മുംബൈയുടെ നേട്ടത്തിനൊപ്പമെത്താം. 2010, 2011, 2018, 2021 സീസണുകളിലാണ് എം എസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ വിജയിച്ചത്. അതേസമയം മുംബൈ ഇന്ത്യന്‍സ് 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഐപിഎല്‍ കിരീടം ചൂടി. അഹമ്മദാബാദില്‍ കിരീടം നേടിയാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള നായകനെന്ന നേട്ടത്തില്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിനൊപ്പം എത്തും എം എസ് ധോണി. മുംബൈ നേടിയ അഞ്ച് കിരീടങ്ങളും ഹിറ്റ്‌മാന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച് കപ്പുയര്‍ത്തിയാല്‍ ഐപിഎല്‍ കിരീടം നേടുന്ന പ്രായം കൂടിയ നായകന്‍ എന്ന നേട്ടവും എംഎസ്‌ഡിക്ക് സ്വന്തമാകും. 41 വയസുണ്ട് ഇപ്പോള്‍ ധോണിക്ക്. ഫൈനലില്‍ 36 റണ്‍സോ അതിലധികമോ നേടുകയും സിഎസ്‌കെ കപ്പുയർത്തുകയും ചെയ്‌താല്‍ ഒരു ഐപിഎല്‍ ഫ്രാ‌ഞ്ചൈസിക്കായി കപ്പ് നേടിയ രണ്ട് സീസണുകളില്‍ 600ലേറെ റണ്‍സ് അടിച്ചുകൂട്ടിയ ആദ്യ താരമാകും ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്. 2021ല്‍ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ റുതുരാജിന് 635 റണ്‍സുണ്ടായിരുന്നു. ഈ സീസണില്‍ 564 റണ്‍സാണ് ഫൈനല്‍ അവശേഷിക്കേ താരത്തിനുള്ളത്. 

Read more: ഗില്ലിന്‍റെ ഫോം, മനസില്‍ ലഡ്ഡു പൊട്ടിയത് എതിര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക്; കാരണമുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios