ഇന്നലത്തെ അടഞ്ഞമഴ, പാതി ഉറക്കം, പക്ഷേ 'തല' കപ്പെടുന്നത് കണ്ടിട്ടേ പോകൂ; ഇന്നും ധോണി ആരാധകരുടെ മഞ്ഞക്കടല്‍
നരേന്ദ്ര മോഡി സ്റ്റേഡിയത്തിന്‍റെ പരിസരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്നലെ കലാശപ്പോര് കാണാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ, പ്രത്യേകിച്ച് എം എസ് ധോണിയുടെ ആരാധകര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്നു. കനത്ത മഴമൂലം സിഎസ്‌കെ-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയപ്പോഴും അഹമ്മദാബാദിനെ മഞ്ഞക്കടലാക്കിയിരിക്കുകയാണ് ആരാധകര്‍. മത്സരത്തിനായി ഇന്നും ധോണിയുടെ ജേഴ്‌സികള്‍ ധരിച്ച് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തുകയാണ്.
നരേന്ദ്ര മോഡി സ്റ്റേഡിയത്തിന്‍റെ പരിസരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കാണികളെ ഇതിനകം സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സിഎസ്‌കെയുടെ ടീം ബസ് സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ ആവേശഭരിതരായ ആരാധകരുടെ നീണ്ട ക്യൂവിന്‍റെ ദൃശ്യം ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എം എസ് ധോണിക്കും സിഎസ്‌കെയ്‌ക്കും ചാന്‍റുകള്‍ മുഴക്കിയാണ് ആരാധകരുടെ വരവ്. 'തല'യുടെ ഫൈനല്‍ കാണാന്‍ ചെന്നൈയില്‍ നിന്നടക്കം തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആരാധകരാണ് അഹമ്മദാബാദില്‍ എത്തിയത്. ഇന്നലെ മഴ കാരണം മത്സരം നടക്കാതെ വന്നപ്പോള്‍ കിട്ടിയ ഇടങ്ങളിലെല്ലാം ഉറങ്ങിയ ഇവര്‍ നാട്ടിലേക്ക് മടങ്ങാതെ ആവേശ ഫൈനലിനായി നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. അഹമ്മദാബാദ് നഗരത്തില്‍ ഇന്നലെ പെയ്‌ത മഴയില്‍ ഒരു ഓവര്‍ പോലും എറിയാന്‍ കഴിയാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ഇന്നത്തേക്ക് മാറ്റിയത്.
ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് ടോസ് വീഴും. ഏഴരയ്‌ക്ക് മത്സരം ആരംഭിക്കും. ഇന്ന് പകല്‍ തെളിഞ്ഞ ആകാശമായിരുന്നു അഹമ്മദാബാദില്‍. ഇത് ആരാധകരെ വലിയ സന്തോഷത്തിലാക്കിയിട്ടുണ്ട്. ഐപിഎല്‍ കരിയറിലെ 250-ാം മത്സരത്തിനാണ് സിഎസ്‌കെ നായകന്‍ എം എസ് ധോണി ഇറങ്ങുന്നത്. ചെന്നൈ അഞ്ചാം കിരീടം ധോണിക്ക് കീഴില്‍ ലക്ഷ്യമിടുമ്പോള്‍ കഴിഞ്ഞ തവണത്തെ കപ്പ് നിലനിര്‍ത്തുകയാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഊഴം. ഈ സീസണോടെ വിരമിക്കും എന്ന അഭ്യൂഹങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്ക് ധോണിയുടെ ആരാധകര്‍ ഇരച്ചെത്താനുള്ള ഒരു കാരണമാണ്. എന്നാല്‍ താരം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്നത്തെ ഫൈനലോടെ സിഎസ്‌കെ താരം അമ്പാട്ടി റായുഡു ഐപിഎല്‍ കരിയറിന് വിരമമിടും.
Read more: ഐപിഎല്‍ ഫൈനലില്‍ ഇന്നും മഴ കളിച്ചാല്‍ എന്ത് ചെയ്യും? നിയമങ്ങളും കട്ട്‌ഓഫ് ടൈമുകളും വിശദമായി