വിരമിച്ചാലും ഇല്ലെങ്കിലും ധോണിക്ക് ഇന്ന് ചരിത്ര മത്സരം; കാത്തിരിക്കുന്നത് ഐതിഹാസിക നേട്ടം
ഇതുവരെയുള്ള 249 മത്സരങ്ങളില്‍ 39.09 ശരാശരിയിലും 135.96 സ്ട്രൈക്ക് റേറ്റിലും 5082 റണ്‍സാണ് ധോണിയുടെ സമ്പാദ്യം
അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനല്‍ റിസര്‍വ് ദിനമായ ഇന്ന് നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുന്നതോടെ ഐപിഎല്‍ കരിയറില്‍ ധോണി 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും റൈസിംഗ് പൂനെ സൂപ്പര്‍ജയന്‍റ്‌സിനും വേണ്ടിയായിരുന്നു ധോണിയുടെ മത്സരങ്ങളെല്ലാം. 243 കളികളുമായി രോഹിത് ശര്‍മ്മയാണ് രണ്ടാമത്.
ഇതുവരെയുള്ള 249 മത്സരങ്ങളില്‍ 39.09 ശരാശരിയിലും 135.96 സ്ട്രൈക്ക് റേറ്റിലും 5082 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 24 ഫിഫ്റ്റികള്‍ സഹിതമാണിത്. 349 ഫോറുകളും 239 സിക്‌സുകളും നേടിയ ധോണിയുടെ പേരില്‍ 137 ക്യാച്ചുകളും 41 പുറത്താക്കലുകളുമുണ്ട്. ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് കിരീടങ്ങളിലേക്ക് നയിച്ച 'തല' ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കപ്പുകളുള്ള രണ്ടാമത്തെ നായകനാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശര്‍മ്മ മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്. സിഎസ്‌കെയുടെ പത്താം ഫൈനലാണ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്നത്. ഐപിഎല്ലില്‍ ധോണി എന്ന താരത്തിന്‍റെ പതിനൊന്നാം ഫൈനലും.
അഹമ്മദാബാദില്‍ ഇന്നലെ നിര്‍ത്താതെ മഴ പെയ്‌തതോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ഇന്നത്തേക്ക് മാറ്റിയത്. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിക്കുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കി അഞ്ച് ഓവര്‍ മത്സരം നടത്താന്‍ പോലും സാധ്യമായില്ല. ഇന്ന് ഇന്ത്യന്‍സമയം രാത്രി 7.30നാണ് കലാശപ്പോര് തുടങ്ങുക. കിരീടം നേടിയാല്‍ എം എസ് ധോണിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും അഞ്ചാം കപ്പാകും ഇത്. നിലവിലെ കിരീടം നിലനിര്‍ത്താനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്.