പിച്ച് മൂടാന്‍ പറ്റാത്തത്ര കാറ്റും മഴയും; വീണ്ടും വെള്ളത്തില്‍ മുങ്ങി ഐപിഎല്‍ ഫൈനല്‍

ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു

IPL 2023 Final CSK vs GT match stopped due to heavy rain in Narendra Modi Stadium Ahmedabad jje

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇന്നിംഗ്‌സിന്‍റെ ഇടവേളയില്‍ ചെറുതായി മഴ ചാറിയെങ്കിലും സിഎസ്‌കെ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനക്കുകയായിരുന്നു. ഇതോടെ മത്സരം പുനരാരംഭിക്കാന്‍ ഏറെ സമയം വേണ്ടിവരും എന്നുറപ്പായി. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. 

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സും നേടി മടങ്ങി. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലിലെ അഞ്ചാം കിരീടം എം എസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്വന്തമാക്കണമെങ്കില്‍ 215 റണ്‍സ് വേണം. 

ഓവറുകള്‍ വെട്ടിച്ചുരുക്കാനുള്ള സമയപരിധിയാവാന്‍ ഇനിയുമേറെ നേരം ഉള്ളതിനാല്‍ മഴ അവസാനിച്ചാല്‍ 20 ഓവര്‍ വീതമുള്ള ഫൈനല്‍ തന്നെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം. മഴ അവസാനിച്ച് അര മണിക്കൂര്‍ നേരമെങ്കിലും കുറഞ്ഞത് വേണ്ടിവരും മൈതാനത്തെ ജലം പൂര്‍ണമായും തുടച്ചുനീക്കി മത്സരയോഗ്യമാക്കാന്‍. 

Read more: ധോണിയുടെ തന്ത്രങ്ങള്‍ പൂട്ടിക്കെട്ടിച്ച വെടിക്കെട്ട്; 21കാരന്‍ സായ് സുദര്‍ശന് റെക്കോര്‍ഡ്

Latest Videos
Follow Us:
Download App:
  • android
  • ios