ശരിക്കും ഹൈ ഫുള്‍ടോസ് നോബോള്‍ നിയമം എങ്ങനെയാണ്? എനിക്ക് മനസിലായിട്ടില്ല; ആഞ്ഞടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ
പഞ്ചാബ് ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ നാലാം പന്തില്‍ ഇഷാന്ത് ശര്‍മ്മയുടെ ബോള്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ സിക്‌സര്‍ പറത്തി
ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന്‍റെ അവസാന ഓവര്‍ നാടകീയമായിരുന്നു. ഇതിന് പിന്നാലെ ഹൈ ഫുള്‍ടോസ് നോബോള്‍ നിയമത്തെയും മൂന്നാം അംപയറുടേയും തീരുമാനത്തേയും ചോദ്യം ചെയ്‌ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ രംഗത്തെത്തി.
പഞ്ചാബ് ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ നാലാം പന്തില്‍ ഇഷാന്ത് ശര്‍മ്മയുടെ ബോള്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ സിക്‌സര്‍ പറത്തിയപ്പോള്‍ അംപയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ഉടനടി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ റിവ്യൂ കൊടുത്തു. പന്ത് ബാറ്റില്‍ കൊള്ളുമ്പോള്‍ ലിവിംഗ്‌സ്റ്റണ്‍ ക്രീസില്‍ നിന്ന് മുന്നോട്ടാഞ്ഞാണ് പന്ത് നേരിട്ടിരുന്നത് എന്ന് വ്യക്തമായിരുന്നെങ്കിലും മൂന്നാം അംപയര്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവെച്ചു. ലിവിംഗ്‌സ്റ്റണിന്‍റെ അരയ്‌ക്കൊപ്പം ഉയരത്തില്‍ വന്ന പന്ത് ബെയ്‌ല്‍സിന് അല്‍പം മുകളിലൂടെ കടന്നുപോകും എന്നാണ് ബോള്‍ ട്രാക്കിംഗില്‍ കാണിച്ചത്. ഇതിന് പിന്നാലെ മൂന്നാം അംപയറുടെ ഹൈ നോബോള്‍ തീരുമാനത്തെ വിമര്‍ശിച്ച് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ ആഞ്ഞടിച്ചിരിക്കുന്നത്.
എനിക്കീ നോബോള്‍ നിയമം വ്യക്തമായിട്ടില്ല. ഇതേ നിയമം അനുസരിച്ചാണെങ്കില്‍ വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഷെഫാലി വര്‍മ്മ പുറത്തായ പന്തും നോബോളാണ്. ശരിക്കും എന്താണ് റൂള്‍? എന്ന് ചോദിച്ചുകൊണ്ടാണ് പാര്‍ത്ഥ് ജിന്‍ഡാലിന്‍റെ ട്വീറ്റ്. വനിതാ പ്രീമിയര്‍ ലീഗിന്‍റെ കലാശപ്പോരിലെ രണ്ടാം ഓവറില്‍ സമാനമായ പന്തില്‍ ഷെഫാലി വര്‍മ്മ ക്യാച്ചിലൂടെ പുറത്തായിരുന്നു. ബോള്‍ ട്രാക്കിംഗ് പ്രകാരം ഷെഫാലിയുടെ അരയ്‌ക്കൊപ്പം ഉയരത്തിലായിരുന്ന പന്ത് ബെയ്‌ല്‍സിന് അല്‍പം മുകളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. എങ്കിലും ഷെഫാലി ഔട്ടാണ് എന്നായിരുന്നു മൂന്നാം അംപയറുടെ തീരുമാനം.
Read more: ആര്‍സിബിയെ പ്ലേ ഓഫിലെത്തിക്കാന്‍ അയാള്‍ സാധ്യമായതെല്ലാം ചെയ്യും: ടോം മൂഡി