രണ്ടാം ജയത്തിന് പിന്നാലെ ഇരുട്ടടി; ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് കനത്ത പിഴ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു

IPL 2023 Delhi Capitals Captain David Warner Fined Rs 12 Lakh jje

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും പിഴ ശിക്ഷ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിനെ മെല്ലെപ്പോക്കിന് 12 ലക്ഷം രൂപയാണ് വാര്‍ണര്‍ പിഴയൊടുക്കേണ്ടത്. ഈ സീസണില്‍ ഡല്‍ഹി ടീം ആദ്യമായാണ് ഓവര്‍ നിരക്കില്‍ വേഗക്കുറവ് കാട്ടിയത്. അതിനാലാണ് പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. വീണ്ടും ഓവര്‍ നിരക്കില്‍ വീഴ്‌ച്ച വരുത്തിയാല്‍ പിഴ ഉയരും. മുമ്പ് ഫാഫ് ഡുപ്ലസിസ്, വിരാട് കോലി, സഞ്ജു സാംസണ്‍ തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. 

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സീസണില്‍ ഡല്‍ഹി ടീമിന്‍റെ രണ്ടാം ജയമാണിത്. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ പേസര്‍ മുകേഷ് കുമാറാണ് ഡല്‍ഹിയെ ജയിപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി ആന്‍‌റിച് നോർക്യയും അക്‌സര്‍ പട്ടേലും രണ്ട് വീതവും ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും സ്വന്തമാക്കി. 

ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റിനാണ് 144 റണ്‍സെടുത്തത്. ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 34 റണ്‍സ് വീതമെടുത്ത മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലുമാണ് ഡല്‍ഹിയെ രക്ഷിച്ചത്. വിക്കറ്റ് കീപ്പര്‍ ഫിലിപ് സാള്‍ട്ട് ഡോള്‍ഡന്‍ ഡക്കായും ഡേവിഡ് വാര്‍ണര്‍ 21നും മിച്ചല്‍ മാര്‍ഷ് 25നും അമാന്‍ ഹക്കീം ഖാന്‍ നാലിനും റിപാല്‍ പട്ടേല്‍ അഞ്ചിനും ആന്‍‍റിച് നോര്‍ക്യ രണ്ടിനും പുറത്തായപ്പോള്‍ നാല് റണ്ണുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി ഇഷാന്ത് ശര്‍മ്മയും പുറത്താവാതെ നിന്നു. ഒരുവേള 62-5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ 131 റണ്‍സില്‍ എത്തിച്ച ശേഷമാണ് മനീഷ്-അക്‌സര്‍ സഖ്യം പിരിഞ്ഞത്. 29-ാം തിയതി ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിന് എതിരെ തന്നെയാണ് ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരം. 

Read more: 'കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര അവസരം തന്നില്ല'; മുന്‍ ടീമുകള്‍ക്കെതിരെ രഹാനെയുടെ ഒളിയമ്പ്!
 

Latest Videos
Follow Us:
Download App:
  • android
  • ios