അഭിഷേക് തുടങ്ങി, ക്ലാസന്‍ പൂര്‍ത്തിയാക്കി; സണ്‍റൈസേഴ്‌സിന് മികച്ച സ്കോര്‍, മാര്‍ഷിന് നാല് വിക്കറ്റ്

ഒരറ്റത്ത് പൊരുതിക്കളിച്ച അഭിഷേക് ശര്‍മ്മ അര്‍ധസെഞ്ചുറി കണ്ടെത്തി. സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ അക്‌സര്‍ പട്ടേലാണ് അഭിഷേകിനെ മടക്കിയത്. 

IPL 2023 DC vs SRH Abhishek Sharma Heinrich Klaasen gave Sunrisers Hyderabad good total of 197 jje

ദില്ലി: ഐപിഎല്ലില്‍ അഭിഷേക് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലും ഹെന്‍‌റിച്ച് ക്ലാസന്‍ വെടിക്കെട്ടിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈരാബാദിന് മികച്ച സ്കോര്‍. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. സണ്‍റൈസേഴ്‌സിനായി അഭിഷേക് ശര്‍മ്മയും ഹെന്‍‌റിച്ച് ക്ലാസനും വെടിക്കെട്ട് ഫിഫ്റ്റികള്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ മാര്‍ഷ് 4 ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേലും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് നേടി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 62 എന്ന സ്കോര്‍ നേടിയിരുന്നു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ്മ ഒന്നാന്തരം ബൗണ്‍സറില്‍ മായങ്ക് അഗര്‍വാളിനെ(6 പന്തില്‍ 5) വിക്കറ്റിന് പിന്നില്‍ ഫിലിപ് സാള്‍ട്ടിന്‍റെ കൈകളില്‍ എത്തിച്ചു. മിച്ചല്‍ മാര്‍ഷ് അ‍ഞ്ചാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(6 പന്തില്‍ 10) മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു. എന്നാല്‍ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ അഭിഷേക് ശര്‍മ്മയും(39*), ഏയ്‌ഡന്‍ മാര്‍ക്രമും(1*) ചേര്‍ന്ന് ടീമിനെ 60 കടത്തി. മിച്ചല്‍ മാര്‍ഷിന്‍റെ പത്താം ഓവര്‍ സണ്‍റൈസേഴ്‌സിന് ഇരട്ട പ്രഹരം നല്‍കുന്നതാണ് കണ്ടത്. ഏയ്‌ഡന്‍ മാര്‍ക്രമും(13 പന്തില്‍ 8), ഹാരി ബ്രൂക്കും(2 പന്തില്‍ 0) അക്‌സര്‍ പട്ടേലിന്‍റെ കൈകളിലെത്തി. 

എന്നാല്‍ ഒരറ്റത്ത് പൊരുതിക്കളിച്ച അഭിഷേക് ശര്‍മ്മ അര്‍ധസെഞ്ചുറി കണ്ടെത്തി. സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ അക്‌സര്‍ പട്ടേലാണ് അഭിഷേകിനെ മടക്കിയത്. താരം 36 ബോളില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 67 റണ്‍സെടുത്തു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 135-5 എന്ന സ്കോറിലായിരുന്നു സണ്‍റൈസേഴ്‌സ്. തൊട്ടടുത്ത ഓവറില്‍ അക്‌സറിനെ തുടര്‍ച്ചയായി രണ്ട് സിക്‌സിന് പറത്തി ഹെന്‍‌റിച്ച് ക്ലാസന്‍ ടീമിനെ 150 കടത്തി. 17-ാം ഓവറിലെ അവസാന പന്തില്‍ അബ്‌ദുല്‍ സമദിനെ(21 പന്തില്‍ 28) പുറത്താക്കി മിച്ചല്‍ മാര്‍ഷ് നാല് വിക്കറ്റ് തികച്ചു. ഇന്നിംഗ്‌സിലെ 19-ാം ഓവറും എറിയാന്‍ മിച്ചല്‍ എത്തിയെങ്കിലും വിക്കറ്റൊന്നും കൂടുതല്‍ നേടാനായില്ല. നോര്‍ക്യയുടെ 20-ാം ഓവറില്‍ 12 റണ്‍സ് പിറന്നതോടെ സണ്‍റൈസേഴ്‌സ് മികച്ച സ്കോറിലെത്തി. ഹെന്‍‌റിച്ച് ക്ലാസനും(27 പന്തില്‍ 53*), അക്കീല്‍ ഹൊസൈനും(10 പന്തില്‍ 16*) പുറത്താവാതെ നിന്നു. 

'ഞാനത് മാത്രമേ ചെയ്യുന്നുള്ളൂ'; ഐപിഎല്‍ 2023ലെ വിജയരഹസ്യം തുറന്നുപറഞ്ഞ് ഷമി

Latest Videos
Follow Us:
Download App:
  • android
  • ios