സെഞ്ചുറി പ്രഭയായി പ്രഭ്‌സിമ്രാന്‍ സിംഗ്; ഒറ്റയാള്‍ പോരാട്ടത്തില്‍ പഞ്ചാബിന് 167 റണ്‍സ്

ഒറ്റയ്‌ക്ക് പൊരുതി തന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍

IPL 2023 DC vs PBKS Prabhsimran Singh hits century Punjab Kings sets 168 runs target to Delhi Capitals jje

ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സെടുത്തു. വിക്കറ്റ് കൊഴിച്ചിലിനിടയില്‍ ഒറ്റയ്‌ക്ക് പൊരുതി തന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന് കരുത്തായത്. പ്രഭ്‌സിമ്രാന്‍ 65 പന്തില്‍ 103 റണ്‍സെടുത്തു. 20 റണ്‍സെടുത്ത സാം കറനാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി. 

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വൈറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ പരിചയസമ്പത്ത് മുതലാക്കി പഞ്ചാബ് കിംഗ്‌സിനെ തുടക്കത്തിലെ വിറപ്പിക്കുന്നതാണ് കണ്ടത്. ഓപ്പണറും നായകനുമായ ശിഖര്‍ ധവാന്‍(5 പന്തില്‍ 7) ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ മടങ്ങി. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്‌സ്റ്റണെ(5 പന്തില്‍ 4) ഇഷാന്ത് ബൗള്‍ഡാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയേയും പവര്‍പ്ലേയ്‌ക്കിടെ പുറത്താക്കാന്‍ ഡല്‍ഹിക്കായി. 5 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ജിതേഷിനെ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ പഞ്ചാബിന് 5.4 ഓവറില്‍ 45 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. 

ഇതിന് ശേഷം ക്രീസിലൊന്നിച്ച പ്രഭ്‌സിമ്രാന്‍ സിംഗ്-സാം കറന്‍ സഖ്യമാണ് പഞ്ചാബ് കിംഗ്‌സിനെ കരകയറ്റിയത്. 42 പന്തില്‍ പ്രഭ്‌സിമ്രാന്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ സാം കറനെ(24 പന്തില്‍ 20) 15-ാം ഓവറില്‍ പ്രവീണ്‍ ദുബെ പറഞ്ഞയച്ചു. പിന്നീട് വന്ന ഹര്‍പ്രീത് ബ്രാറിനും(5 പന്തില്‍ 2) തിളങ്ങാനായില്ല. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിക്കല്‍ തുടര്‍ന്ന പ്രഭ്‌സിമ്രാന്‍ സിംഗ് 61 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. മുകേഷ് കുമാര്‍ 19-ാം ഓവറിലെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാനെ മടക്കുമ്പോള്‍ 65 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം 103 റണ്‍സുണ്ടായിരുന്നു. ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് അവശേഷിക്കേ ഷാരൂഖ് ഖാന്‍(4 പന്തില്‍ 2) റണ്ണൗട്ടായി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ സിക്കന്ദര്‍ റാസയും(11*), റിഷി ധവാനും(0*) പുറത്താവാതെ നിന്നു. 

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫില്‍പ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, റൈലി റൂസ്സോ, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, ലളിത് യാദവ്, ചേതന്‍ സക്കരിയ, അഭിഷേക് പോരെല്‍ 

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), സാം കറന്‍, സിക്കന്ദര്‍ റാസ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, രാഹുല്‍ ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്.

സബ്സ്റ്റിറ്റ്യൂട്ട്സ്: നേഥന്‍ എല്ലിസ്, അഥര്‍വ തൈഡെ, മാത്യൂ ഷോര്‍ട്, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, മൊഹിത് റാത്തീ. 

Read more: സ്റ്റോയിനിസും പുരാനും എടുത്ത് പെരുമാറി, ഒരോവറില്‍ 5 സിക്‌സ്; നാണക്കേടിലേക്ക് മൂക്കുംകുത്തി അഭിഷേക് ശര്‍മ്മ

Latest Videos
Follow Us:
Download App:
  • android
  • ios