അവസാനം റസല്‍ വെടിക്കെട്ട്, മാനം കാത്ത് കെകെആര്‍; ക്യാപിറ്റല്‍സിന് 128 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു

IPL 2023 DC vs KKR Delhi Capitals restricted Kolkata Knight Riders on 127 jje

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മഴയ്‌ക്ക് ശേഷം നനഞ്ഞ മൈതാനത്തിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തണുത്ത സ്കോര്‍. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായി. 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്കോറര്‍. മറ്റ് രണ്ട് താരങ്ങള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. അവസാന ഓവറില്‍ ഹാട്രിക് സിക്‌സ് സഹിതം 31 പന്തില്‍ പുറത്താവാതെ 38* റണ്ണെടുത്ത ആന്ദ്രേ റസലാണ് ബാറ്റിംഗ് തകര്‍ച്ചയിലും മാനം കാത്തത്. ഇഷാന്ത് ശര്‍മ്മയും ആന്‍‌റിച്ച് നോര്‍ക്യയും അക്‌‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ(4 പന്തില്‍ 4) രണ്ടാം ഓവറിലെ അവസാന പന്തില്‍ മുകേഷ് കുമാര്‍, ലളിത് യാദവിന്‍റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്‍റെ ഇടവേളയില്‍ വെങ്കടേഷ് അയ്യര്‍ രണ്ട് പന്തില്‍ പൂജ്യം റണ്‍സുമായി ആന്‍‌റിച്ച് നോര്‍ക്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ കളിക്കാനിറങ്ങിയ ഇഷാന്ത് ശര്‍മ്മ ക്യാപ്റ്റന്‍ നിതീഷ് റാണയെ(7 പന്തില്‍ 4) മുകേഷ് കുമാറിന്‍റെ കൈകളിലെത്തിച്ചതോടെ കൊല്‍ക്കത്ത 5.2 ഓവറില്‍ 32-3 എന്ന നിലയില്‍ പ്രതിരോധത്തിലായി.

വൈകാതെ തന്നെ മന്ദീപ് സിംഗിനെ(11 പന്തില്‍ 12) അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയും വെടിക്കെട്ട് വീരന്‍ റിങ്കു സിംഗിനെ(8 പന്തില്‍ 6) അക്‌സര്‍, ലളിത് യാദവിന്‍റെ കൈകളില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ സുനില്‍ നരെയ്‌ന്‍ 6 പന്തില്‍ 4 റണ്‍സുമായി ഇഷാന്തിന് കീഴടങ്ങി. ഒരുവേള ജീവന്‍ കിട്ടിയ ഓപ്പണര്‍ ജേസന്‍ റോയി(39 പന്തില്‍ 43) കുല്‍ദീപ് യാദവിന്‍റെ പന്തില്‍ പുറത്തായതോടെ കെകെആര്‍ പാടുപെട്ടു. തൊട്ടടുത്ത ബോളില്‍ അനുകുല്‍ റോയി ഗോള്‍ഡന്‍ ഡക്കായി. 16-ാം ഓവറില്‍ ഉമേഷ് യാദവിനെ(5 പന്തില്‍ 3) നോര്‍ക്യ മടക്കി. ഇതിന് ശേഷം ഡല്‍ഹി ബൗളര്‍മാര്‍ യോര്‍ക്കറുകളുമായി പിടിമുറുക്കി. മുകേഷ് കുമാറിന്‍റെ 20-ാം ഓവറില്‍ ആന്ദ്രേ റസല്‍ ഹാട്രിക് സിക്‌സ് നേടിയെങ്കിലും അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി(6 പന്തില്‍ 1) റണ്ണൗട്ടായി. 

Read more: പവര്‍പ്ലേയിലെ പവര്‍ ബൗളര്‍; 84 പന്തില്‍ 57 ഡോട്ട് ബോള്‍! പര്‍പ്പിള്‍ ക്യാപ് സിറാജിന്

Latest Videos
Follow Us:
Download App:
  • android
  • ios