വാര്‍ണര്‍ തുടക്കമിട്ടു, അക്‌സര്‍ ഫിനിഷറായി; ഡല്‍ഹിക്ക് പൊരുതാവുന്ന സ്കോര്‍
ആദ്യ പന്ത് വൈഡ് ആയപ്പോള്‍ വീണ്ടും ഷമി എറിഞ്ഞ ബോള്‍ ഡേവിഡ് വാര്‍ണറുടെ ബെയ്‌ല്‍സില്‍ കൊണ്ടെങ്കിലും നിലത്ത് വീണില്ല
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 162 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ്പര്‍. സര്‍ഫറാസ് ഖാന്‍ 30 എടുത്തപ്പോള്‍ അവസാന ഓവറുകളില്‍ 22 പന്തില്‍ 36 നേടിയ അക്‌സര്‍ പട്ടേല്‍ നിര്‍ണായകമായി. ടൈറ്റന്‍സിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വീതവും അല്‍സാരി ജോസഫ് രണ്ടും പേരെ പുറത്താക്കി.
നാടകീയമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ തുടക്കം. ആദ്യ പന്ത് വൈഡ് ആയപ്പോള്‍ വീണ്ടും ഷമി എറിഞ്ഞ ബോള്‍ ഡേവിഡ് വാര്‍ണറുടെ ബെയ്‌ല്‍സില്‍ കൊണ്ടെങ്കിലും നിലത്ത് വീണില്ല. വീണ്ടും അടുത്ത ഓവറില്‍ പന്തെടുത്തപ്പോള്‍ ഷമി, പൃഥ്വി ഷായെ(5 പന്തില്‍ 7) അല്‍സാരി ജോസഫിന്‍റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്‍റെ ഇടവേളയില്‍ ഷമിയുടെ അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷും മടങ്ങി. നാല് പന്തില്‍ 4 റണ്‍സുമായി മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സര്‍ഫറാസ് ഖാനും ക്രീസില്‍ നില്‍ക്കേ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 52-2 എന്ന നിലയിലായിരുന്നു ക്യാപിറ്റല്‍സ്.
ഡല്‍ഹി ഇന്നിംഗ്‌സില്‍ അല്‍സാരി എറിഞ്ഞ 9-ാം ഓവര്‍ ഗുജറാത്തിന് നിര്‍ണായകമായി. ജീവന്‍ വീണുകിട്ടിയ അവസരങ്ങളൊന്നും കാര്യമായി മുതലാക്കാന്‍ കഴിയാതെ വന്ന വാര്‍ണര്‍ 32 പന്തില്‍ 37 എടുത്ത് ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ റൈലി റൂസ്സോ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി. സര്‍ഫറാസ് ഖാനും അഭിഷേക് പോരെലും ചേര്‍ന്ന് 100 കടത്തിയതും അടുത്ത വിക്കറ്റ് വീണു. 11 പന്തില്‍ 20 നേടിയ പോരെലിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. 34 പന്തില്‍ 30 എടുത്ത് നില്‍ക്കേ സര്‍ഫറാസ് ഖാനെയും റാഷിദ് മടക്കിയതോടെ ഉത്തരവാദിത്തമെല്ലാം അക്‌സര്‍ പട്ടേലിന്‍റെ തലയിലാവുകയായിരുന്നു.
ഇതിനിടെ അമാന്‍ ഖാനെ(8 പന്തില്‍ 8) റാഷിദ് മടക്കി. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷമി, അക്‌സറിനും മടക്ക ടിക്കറ്റ് കൊടുത്തു. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെയാണ് അക്‌സര്‍ 36 എടുത്തത്. കുല്‍ദീപ് യാദവും(1 പന്തില്‍ 1*), ആന്‍റിച് നോര്‍ക്യയും(2 പന്തില്‍ 4*) പുറത്താവാതെ നിന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റൈലി റൂസ്സോ, അമാന്‍ ഖാന്‍, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരെല്‍(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ആന്‍റിച്ച് നോര്‍ക്യ, മുകേഷ് കുമാര്‍.
സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: ലളിത് യാദവ്, റോവ്‌മാന്‍ പവല്‍, ചേതന്‍ സക്കരിയ, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവന്‍: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, യാഷ് ദുയാല്‍, അല്‍സാരി ജോസഫ്.
സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: സായ് കിഷോര്‍, വിജയ് ശങ്കര്‍, ജയന്ത് യാദവ്, അഭിനവ് മനോഹര്‍, ശ്രീകര്‍ ഭരത്.
Read more: ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക്; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും