മറ്റാര്‍ക്ക് കഴിയും! ഡല്‍ഹിയിലും ധോണി മാനിയ; 'തല' ഫാന്‍സ് ആവേശത്തിമിര്‍പ്പില്‍
അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മത്സരം കാണാനും ഏറെ ധോണി ഫാന്‍സാണ് നഗരത്തിലെത്തിയത്
ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഹോം ഗ്രൗണ്ടിലും എം എസ് ധോണി മാനിയ. ഡല്‍ഹി ക്യാപിറ്റല്‍സ്-സിഎസ്‌കെ മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ഏറെ തല ഫാന്‍സാണ് അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്ത് എത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ടീം ബസ് വരവേ ധോണിയെ വരവേല്‍ക്കാന്‍ ആരാധകരുടെ വലിയ ക്യൂവുണ്ടായിരുന്നു. ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതില്‍ എവേ മത്സരങ്ങള്‍ക്കെല്ലാം ധോണി ആരാധകര്‍ സ്റ്റേഡിയത്തില്‍ നിറയുന്നുണ്ടായിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മത്സരം കാണാനും സമാനമായി ഏറെ ധോണി ഫാന്‍സാണ് നഗരത്തിലെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരായ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് സിഎസ്‌കെ എവേ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത്. ഈ സീസണിലെ 12 മത്സരങ്ങളില്‍ 98 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ ധോണി ഇക്കുറി 5000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചിരുന്നു. സിഎസ്‌കെയുടെ എല്ലാ മത്സരങ്ങളിലും ചെപ്പോക്കിലെ ഹോം സ്റ്റേഡിയത്തില്‍ നിറഞ്ഞ ഗ്യാലറിയുണ്ടായിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ‍് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), റൈലി റൂസ്സോ, യഷ് ധുല്‍, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കരിയ, ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ക്യ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷ്‌ന.
Read more: ചെക്കന്‍ തീ, യശസ്വി ജയ്‌സ്വാളിന് ടീം ഇന്ത്യ അവസരം കൊടുക്കേണ്ട സമയമായി; ശക്തമായി വാദിച്ച് ഗാവസ്‌കര്‍