ധോണിയുടെ വിരമിക്കല്‍ എപ്പോള്‍? ചോദിക്കുന്നവരുടെ വായടപ്പിച്ച് മുന്‍ താരം

ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നവരുടെ വായടപ്പിക്കുന്ന പ്രതികരണമാണ് മുന്‍ സഹ താരം മുരളി വിജയ് നടത്തിയിരിക്കുന്നത്

IPL 2023 CSK vs SRH Murali Vijay slams fans whom asking when MS Dhoni is going to retire jje

ചെന്നൈ: ഐപിഎല്ലില്‍ എം എസ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുണ്ട്. നാല്‍പ്പത്തിയൊന്നുകാരനായ ധോണി ഈ പതിനാറാം സീസണോടെ വിരമിക്കും എന്ന് കരുതുന്നവരേറെ. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലും സിഎസ്‌കെയെ നയിക്കുന്ന ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നവരുടെ വായടപ്പിക്കുന്ന പ്രതികരണമാണ് മുന്‍ സഹ താരം മുരളി വിജയ് നടത്തിയിരിക്കുന്നത്. 

'വിരമിക്കല്‍ തീരുമാനം എടുക്കേണ്ടത് വ്യക്തികളാണ്. ധോണി ദേശീയ ടീമിനെ 15 വര്‍ഷം പ്രതിനിധീകരിച്ചു. അതിനാല്‍ എപ്പോള്‍ വിരമിക്കുന്നു എന്ന ചോദ്യം ആരാഞ്ഞ് സമ്മര്‍ദത്തിലാക്കുന്നതിന് പകരം ധോണിക്ക് തീരുമാനം എടുക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. എപ്പോള്‍ വിരമിക്കും എന്ന ചോദ്യം എല്ലാവര്‍ക്കും നേരിടേണ്ടി വരിക കഠിനമാണ്. എല്ലാവരും ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചോദിക്കുകയാണ്. അതിന് ഉത്തരം പറയുക എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ അടുത്തിടെയാണ് വിരമിച്ചത്. വിരമിക്കല്‍ ചോദ്യം എത്രത്തോളം വിഷമം പിടിപ്പിക്കുന്നതാണ് എന്ന് അതിനാല്‍ എനിക്കറിയാം. ക്രിക്കറ്റിനായി ഹൃദയവും മനസും നല്‍കിയ നമ്മുടെ വിരമിക്കല്‍ വ്യക്തിപരമായ തീരുമാനമാണ്. ധോണിയുടെ സ്വകാര്യതയെ മാനിക്കണം' എന്നാണ് എനിക്ക് പറയാനുള്ളത് എന്നും മുരളി വിജയ് വ്യക്തമാക്കി.

എം എസ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുപ്പായത്തില്‍ കളിക്കുമെന്ന് സിഎസ്‌കെ സഹതാരവും ഇംഗ്ലീഷ് ഓള്‍റൗണ്ടറുമായ മൊയീന്‍ അലി പറഞ്ഞു. 'ധോണി നിലവില്‍ കളിക്കുന്നത് വച്ച് രണ്ട് മൂന്ന് സീസണ്‍ കൂടി ഇറങ്ങാനാകും. രാജസ്ഥാനെതിരെ ധോണി ബാറ്റ് ചെയ്‌തത് അമ്പരപ്പിച്ചു. നെറ്റ്‌സില്‍ ധോണി അവിശ്വസനീയമാണ് കളിക്കുന്നത്. ഈ പ്രായത്തിലൊരു താരം ഇങ്ങനെ കളിക്കുന്നത് വിസ്‌മയമാണ്. വളരെ പ്രയാസമേറിയ കാലമാണിത്. എന്നാല്‍ ധോണി നന്നായി കളിക്കുന്നു' എന്നും അലി കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. 

ധോണി കളിക്കുമോ ഇന്ന്, 'തല' ആരാധകര്‍ ആശങ്കയില്‍; രാജസ്ഥാന് ചെന്നൈയുടെ ഭീഷണിയും

Latest Videos
Follow Us:
Download App:
  • android
  • ios