സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിന് മുമ്പ് സിഎസ്‌കെയ്‌ക്ക് ആശ്വാസം; പരിക്ക് മാറി സ്റ്റോക്‌സ്
പരിക്കേറ്റ ബെന്‍ സ്റ്റോക്‌സിന് സീസണില്‍ സിഎസ്‌കെയുടെ മൂന്ന് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസം. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പരിക്ക് പൂര്‍ണമായും മാറി എന്നാണ് റിപ്പോര്‍ട്ട്. കാല്‍വിരലിന് പരിക്കേറ്റ സ്റ്റോക്‌സിന് സീസണില്‍ സിഎസ്‌കെയുടെ മൂന്ന് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. എന്നാല്‍ സ്റ്റോക്‌സിന്‍റെ കാല്‍മുട്ടിലെ പരിക്ക് മാറാന്‍ സമയമെടുക്കും. ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ ഡ്വെയ്‌ന്‍ പ്രിറ്റോറിയസിന് പകരം സ്റ്റോക്‌സ് സണ്‍റൈസേഴ്‌സിന് എതിരെയിറങ്ങും.
'ബെന്‍ സ്റ്റോക്‌സ് സുഖമായിരിക്കുന്നു. സ്റ്റോക്‌സ് പരിശീലനത്തില്‍ തിരിച്ചെത്തി. പൂര്‍ണ ഫിറ്റ്‌നസിലാണ്. അടുത്ത മത്സരത്തിനുള്ള സെലക്ഷന് സ്റ്റോക്‌സുണ്ടാകും. കാല്‍മുട്ടിലെ പരിക്കിന്‍റെ കാര്യത്തില്‍ മാറാന്‍ സമയമെടുക്കും' എന്നും സിഎസ്‌കെ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. ഐപിഎല്ലിന്‍റെ പതിനാറാം സീസണില്‍ പരിക്ക് സിഎസ്‌കെയെ വലയ്‌ക്കുകയാണ്. നായകന്‍ എം എസ് ധോണി കളിക്കുന്നുണ്ടെങ്കിലും കാല്‍മുട്ടില്‍ പരിക്കുണ്ട്. ഹാംസ്‌ട്രിങ് പരിക്കിലാണ് പേസര്‍ ദീപക് ചഹാര്‍. സിമ്രാന്‍ജീത് സിംഗ്, സിസാന്ദ മഗാല എന്നിവര്‍ പരിക്കിന്‍റെ പിടിയിലാണ് എങ്കില്‍ കെയ്‌ല്‍ ജാമീസണും മുകേഷ് ചൗധരിക്കും പരിക്കുമൂലം സീസണ്‍ നഷ്‌ടമായിരുന്നു.
പരിക്കിന്‍റെ ആശങ്കകള്‍ക്കിടയിലും എം എസ് ധോണി കളിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസമാണ്. ഐപിഎല്‍ 2023ന് മുമ്പേ ധോണിക്ക് കാല്‍മുട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ധോണിയുടെ പരിക്ക് വഷളായാല്‍ പകരക്കാരന്‍ എന്ന നിലയ്‌ക്ക് ദേവോണ്‍ കോണ്‍വേ വിക്കറ്റ് കീപ്പറാവും. കോണ്‍വേ കീപ്പിംഗ് പരിശീലനത്തില്‍ മുഴുകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ധോണിക്ക് മത്സരങ്ങള്‍ നഷ്‌ടമായാല്‍ ആര് ക്യാപ്റ്റനാവും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ സീസണില്‍ വൈസ് ക്യാപ്റ്റനായി ആരെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിയമിച്ചിട്ടില്ല. രവീന്ദ്ര ജഡേജയോ ബെന്‍ സ്റ്റോക്‌സോ ക്യാപ്റ്റനാവാനിടയുണ്ട്.
Read more: റിയാന്‍ പരാഗ് ഇഴയുന്നു, ബാറ്റിംഗ് ക്രമത്തില്‍ രാജസ്ഥാന് തെറ്റുപറ്റി; രൂക്ഷ വിമര്‍ശനം മുന്‍ താരം വക