വിന്‍റേജ് ധോണിയുടെ സിക്‌സുകളെല്ലാം സൂപ്പറാ, പക്ഷേ ഒരു പ്രശ്‌നമുണ്ടെന്ന് ഹെയ്‌ഡന്‍; ചുട്ട മറുപടിയുമായി ആരാധകര്‍
ബാറ്റിംഗില്‍ തിളങ്ങിയപ്പോഴും ധോണിയുടെ കാര്യത്തില്‍ ഒരു പ്രശ്‌നമുള്ളതായാണ് മുന്‍ താരവും കമന്‍റേറ്ററുമായ മാത്യൂ ഹെയ്‌ഡന്‍റെ നിരീക്ഷണം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടെങ്കിലും നായകന്‍ എം എസ് ധോണി ബാറ്റിംഗ് പവറിലായിരുന്നു. രാജസ്ഥാന്‍റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32* റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്‌ക്ക് പ്രതീക്ഷ നല്‍കിയത്. ബാറ്റിംഗില്‍ തിളങ്ങിയപ്പോഴും ധോണിയുടെ കാര്യത്തില്‍ ഒരു പ്രശ്‌നമുള്ളതായാണ് മുന്‍ താരവും കമന്‍റേറ്ററുമായ മാത്യൂ ഹെയ്‌ഡന്‍റെ നിരീക്ഷണം.
എം എസ് ധോണിയുടെ കാര്യത്തില്‍ ഒരു പിഴവ് എന്തായാലുമുണ്ട്. വിക്കറ്റിന് ഇടയിലുള്ള ഓട്ടം സാധാരണഗതിയില്‍ ഏറെ ഊര്‍ജത്തോടെയുള്ളതായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അതുണ്ടായില്ല എന്നുമാണ് മാത്യൂ ഹെയ്‌ഡന്‍റെ പ്രതികരണം. എന്നാല്‍ 41കാരനായ ധോണിയുടെ പ്രായം പരിഗണിക്കണമെന്ന് ഹെയ്‌ഡന് മറുപടി നല്‍കുകയാണ് ആരാധകര്‍. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ 20-ാം ഓവറില്‍ 245.74 സ്ട്രൈക്ക് റേറ്റില്‍ 282 പന്തുകളില്‍ 693 റണ്‍സുണ്ട് എംഎസ്‌ഡിക്ക്. 57 സിക്‌സും 49 ഫോറുകളും സഹിതമാണിത്.
അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടവേ എം എസ് ധോണിയുണ്ടായിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് റണ്‍സിന്‍റെ തോല്‍വി രാജസ്ഥാന്‍ റോയല്‍സിനോട് വഴങ്ങി. രാജസ്ഥാൻ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സിഎസ്‌കെയ്‌ക്കായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജഡേജ(15 പന്തില്‍ 25*) എന്നിവര്‍ തിളങ്ങിയിട്ടും ഫലമുണ്ടായില്ല. മറുവശത്ത് രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ധോണി രണ്ട് സിക്‌സുകള്‍ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
Read more: തലയും ചേട്ടനും മുഖാമുഖം വന്നു; ഐപിഎല്‍ കാഴ്‌ച്ചക്കാരില്‍ പുതിയ റെക്കോര്‍ഡ്