പരാഗ് എന്തുകൊണ്ട് നാലാം നമ്പറില്‍ ഇറങ്ങുന്നു, രാജസ്ഥാന് മാത്രമേ അറിയൂ; പരിഹസിച്ച് ചോപ്ര

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ അവസാന മത്സരത്തില്‍ റിയാന്‍ പരാഗ് നാലാം നമ്പറിലാണ് ബാറ്റ് ചെയ്‌തത്

IPL 2023 CSK vs RR Aakash Chopra questions Riyan Parag batting position for Rajasthan Royals jje

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവനില്‍ റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് സ്ഥാനം ചോദ്യം ചെയ്‌ത് മുന്‍ താരം ആകാശ് ചോപ്ര. 'ഇപ്പോഴും പരാഗിനെ നാലാം നമ്പറിലാണ് കളിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അദേഹം നാലാമനായി കളിക്കുന്നത്. അത് രാജസ്ഥാന്‍ ടീമിന് മാത്രമേ അറിയൂ. പരാഗ് ഒരു ദിവസം ഫോമിലാകുമായിരിക്കും. ഈ ഐപിഎല്ലില്‍ നാല് പന്തില്‍ നാല് സിക്‌സ് പറത്തുമെന്ന് അദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്' എന്നും ആകാശ് ചോപ്ര പരിഹാസരൂപേണ ചോദിച്ചു. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ അവസാന മത്സരത്തില്‍ റിയാന്‍ പരാഗ് നാലാം നമ്പറിലാണ് ബാറ്റ് ചെയ്‌തത്. 11 പന്തുകള്‍ നേരിട്ട താരം ഏഴ് റണ്‍സുമായി റോവ്‌മാന്‍ പവലിന് വിക്കറ്റ് നല്‍കി മടങ്ങി. ഈ ഐപിഎല്‍ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ 34 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗിന് നേടാനായത്. ഉയര്‍ന്ന സ്കോര്‍ 20 ആയിരിക്കേ സ്‌ട്രൈക്ക് റേറ്റ് 117.24 മാത്രമാണ്. നാലാം നമ്പര്‍ ടി20 ഫോര്‍മാറ്റില്‍ വളരെ നിര്‍ണായകമാണ് എന്നതിനാലാണ് ചോപ്ര വിമര്‍ശനം ഉന്നയിക്കുന്നത്. 

ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം തുടങ്ങുക. ഇരു ടീമിനും മികച്ച ഓപ്പണിംഗ് സഖ്യമുണ്ടെങ്കിലും സ്‌പിന്നര്‍മാരാവും മത്സരത്തിന്‍റെ വിധിയെഴുതുക. സ്‌പിന്നര്‍മാര്‍ക്ക് 27 ശരാശരിയും 6.9 ഇക്കോണമിയുമാണ് ചെപ്പോക്കിലുള്ളത്. അതേസമയം പേസര്‍മാരുടെ ശരാശരി 29.3 ഉം ഇക്കോണമി 8.0യും. ഐപിഎല്ലില്‍ ചെപ്പോക്കില്‍ ഇതുവരെ നടന്ന 68 മത്സരങ്ങളില്‍ 42 കളികളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമാണ് വിജയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇറങ്ങുമ്പോള്‍ റിയാന്‍ പരാഗിന് പകരം മറ്റാരെയെങ്കിലും പരീക്ഷിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുതിര്‍ന്നേക്കും. 

ചെപ്പോക്കില്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ട് സഞ്ജുവിന്‍റെ റോയല്‍സിന്; കണക്കിലെ കാര്യങ്ങള്‍ അത്ര പന്തിയല്ല

Latest Videos
Follow Us:
Download App:
  • android
  • ios