20-ാം ഓവറിലെ സിക്‌സുകള്‍; റെക്കോര്‍ഡില്‍ 'തല' ബഹുദൂരം മുന്നില്‍
ഐപിഎല്ലില്‍ 20-ാം ഓവറില്‍ 59 സിക്‌സുകളാണ് എം എസ് ധോണി ഇതുവരെ നേടിയിട്ടുള്ളത്
ചെന്നൈ: 'ദ് ഫിനിഷര്‍', എം എസ് ധോണിക്ക് 'തല' എന്നല്ലാതെ നല്‍കാനാവുന്ന മറ്റൊരു പേര് ഇതാണിത്. മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതില്‍, പ്രത്യേകിച്ച് അവസാന ഓവറുകളില്‍ സിക്‌സറുകള്‍ പായിക്കുന്നതില്‍ മറ്റാരേക്കാളും പ്രതിഭയുണ്ട് എം എസ് ധോണിക്ക്. ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ സാം കറന്‍റെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തി ധോണി. ഇതോടെ ഐപിഎല്ലില്‍ 20-ാം ഓവറിലെ സിക്‌സുകളുടെ എണ്ണത്തില്‍ എം എസ് ധോണി തന്‍റെ ലീഡ് ബഹുദൂരം വര്‍ധിപ്പിച്ചു.
ഐപിഎല്ലില്‍ 20-ാം ഓവറില്‍ 59 സിക്‌സുകളാണ് എം എസ് ധോണി ഇതുവരെ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ഇതിഹാസം കീറോണ്‍ പൊള്ളോര്‍ഡിന് 33 ഉം മൂന്നാമതുള്ള സിഎസ്‌കെ താരം രവീന്ദ്ര ജഡേജയ്‌ക്ക് 29 ഉം സിക്‌സുകളേ ഇരുപതാം ഓവറിലുള്ളൂ. 26 എണ്ണവുമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും 23 സിക്‌സുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുമാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
പഞ്ചാബ് കിംഗ‌്‌സിനെതിരായ മത്സരത്തില്‍ എം എസ് ധോണി അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ നാല് വിക്കറ്റിന് 200 റണ്‍സിലെത്തി. സിഎസ്‌കെയ്‌ക്ക് റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും 9.4 ഓവറില്‍ 86 റണ്‍സ് ചേര്‍ത്തപ്പോള്‍ ടീം സ്കോര്‍ 86ലെത്തി. ഇതിന് ശേഷം ശിവം ദുബെ 17 പന്തില്‍ 28 ഉം മൊയീന്‍ അലി 6 പന്തില്‍ 10 ഉം രവീന്ദ്ര ജഡേജ 10 പന്തില്‍ 12 ഉം റണ്‍സെടുത്തപ്പോള്‍ ദേവോണ്‍ കോണ്‍വേയും(52 പന്തില്‍ 92*), എം എസ് ധോണിയും(4 പന്തില്‍ 13*) പുറത്താവാതെ നിന്നു.
പഞ്ചാബ് കിംഗ്‌സിനായി അര്‍ഷ്‌ദീപ് സിംഗും സാം കറനും രാഹുല്‍ ചഹാറും സിക്കന്ദര്‍ റാസയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. പഞ്ചാബിന്‍റെ എല്ലാ ബൗളര്‍മാരും എട്ടിലധികം ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.
Read more: ചെപ്പോക്ക് 'തല'മയം; ധോണിയുടെ പേര് പറഞ്ഞതും ഇളകിമറിഞ്ഞ് ആരാധകര്‍- വീഡിയോ വൈറല്‍