പ്ലേ ഓഫ് വണ്ടി പിടിക്കാന്‍ സിഎസ്‌കെ, ടോസ് ജയിച്ച് ധോണി; മാറ്റവുമായി കെകെആര്‍
രണ്ട് മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ 12 കളിയില്‍ 15 പോയിന്‍റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം അല്‍പസമയത്തിനകം. ചെന്നൈയിലെ ചെപ്പോക്കില്‍ ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ അനുകുല്‍ റോയിക്ക് പകരം വൈഭക് അറോറ ഇലവനിലേക്ക് തിരിച്ചെത്തി.
പ്ലേയിംഗ് ഇലവനുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ താക്കൂര്‍, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുയാഷ് ശര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി.
പ്ലേ ഓഫ് സാധ്യതകള്‍
രണ്ട് മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ 12 കളിയില്‍ 15 പോയിന്‍റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ. ഇനിയുള്ള രണ്ട് മത്സരവും ജയിച്ചാല്‍ പട്ടികയില്‍ മുന്നിലുള്ള ആദ്യ രണ്ട് ടീമുകളിലൊന്നായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലെത്തും. ഒരു മത്സരം ജയിച്ചാലും പ്ലേ ഓഫ് ഉറപ്പ്. കെകെആറിനെ വീഴ്‌ത്തിയാല്‍ കാത്തിരിപ്പില്ലാതെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം കൊല്‍ക്കത്തയ്‌ക്കും ഡല്‍ഹിക്കും എതിരായ രണ്ട് മത്സരങ്ങളും തോറ്റാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ ഭാവി. ഈ ടീമുകള്‍ ഓരോ മത്സരം തോറ്റാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താനാകും. അതേസമയം പുറത്താകലിന്‍റെ വക്കിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
നേര്‍ക്കുനേര്‍ കണക്ക്, കാണാനുള്ള വഴികള്‍
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇതുവരെ 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 19 മത്സരങ്ങളില്‍ ജയം സിഎസ്‌കെയ്‌ക്ക് ഒപ്പം നിന്നു. 10 മത്സരങ്ങളിലേ കൊല്‍ക്കത്തയ്‌ക്ക് ജയിക്കാനായുള്ളൂ. ചെപ്പോക്കിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 163 ആണ്. സ്‌പിന്നര്‍മാരെ പൊതുവെ തുണയ്‌ക്കുന്ന ചരിത്രമാണ് ചെപ്പോക്കിലെ പിച്ചിനുള്ളത്. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും തല്‍സമയം കാണാം.
Read more: മോഖ കരതൊട്ടു; ചെന്നൈ-കൊല്‍ക്കത്ത മത്സരം മഴ കവരുമോ? ധോണി ആരാധകര്‍ ആശങ്കയില്‍