ആദ്യം ബാറ്റ് ചെയ്‌ത് ഗുജറാത്ത് ടൈറ്റന്‍സ് റണ്‍മല കെട്ടിയാല്‍ സിഎസ്‌കെ പെടും; കണക്കുകള്‍ അങ്ങനെയാണ്
ഐപിഎല്‍ ചരിത്രത്തില്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പേരിലാണ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ഫൈനലിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോക ക്രിക്കറ്റ് പ്രേമികളുടെ കണ്ണാകെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് നീളുകയാണ്. സൂപ്പര്‍ ഫൈനലിന് സിഎസ്‌കെയും ടൈറ്റന്‍സും തയ്യാറെടുക്കുമ്പോള്‍ ഒരു റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
ഐപിഎല്‍ ചരിത്രത്തില്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പേരിലാണ്. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സെടുക്കുകയായിരുന്നു ഹൈദരാബാദ്. ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ചെയ്‌തതിന്‍റെ റെക്കോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പേരിലും. 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു കെകെആര്‍. ഈ രണ്ട് റെക്കോര്‍ഡുകളും ഇന്ന് തകര്‍ക്കാനാകുമോ എന്നാണ് ഏവരുടേയും ആകാംക്ഷ. ഇത്തവണ രണ്ടാം ക്വാളിഫയറില്‍ 233 റണ്‍സടിച്ച ഗുജറാത്ത് ടൈറ്റന്‍സിലേക്കാണ് കണ്ണുകളെല്ലാം. ഫൈനലില്‍ 200 റണ്‍സിലേറെ സ്കോര്‍ ചെയ്‌താല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയിക്കുക എളുപ്പമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. ചെന്നൈയെ എം എസ് ധോണിയും ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം. പൊതുവേ ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ ചരിത്രം. എന്നാല്‍ ന്യൂബോളില്‍ പേസര്‍മാര്‍ക്ക് സ്വിങ് കിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 168 ഉം രണ്ടാം ഇന്നിംഗ്‌സിലേത് 155 ഉം ആണ്.
Read more: ഐപിഎല്‍ ഫൈനലിന് മഴ ഭീഷണി; കാത്തിരിക്കുന്നത് കനത്ത കാറ്റും കോളും, കളി കുളമാകുമോ എന്ന് ഭയം