മഴയില്‍ കുളിച്ച് ഐപിഎല്‍ ഫൈനല്‍; സിഎസ്‌കെ-ഗുജറാത്ത് കലാശപ്പോര് മാറ്റി

അഹമ്മദാബാദില്‍ വൈകിട്ട് മുതല്‍ തകര്‍ത്തുപെയ്‌ത മഴ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലാക്കുകയായിരുന്നു

IPL 2023 Chennai Super Kings vs Gujarat Titans Final postponed due to heavy rain jje

അഹമ്മദാബാദ്: തകര്‍ത്ത് പെയ്‌ത മഴ ഇരു ടീമുകള്‍ക്കും സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ സമയം നോക്കിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചപ്പോള്‍ ഐപിഎല്‍ 2023 കലാശപ്പോര് റിസര്‍വ് ദിനമായ തിങ്കളാഴ്‌ചത്തേക്ക്(29-05-2023) മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസിന് മുമ്പേയെത്തിയ കനത്ത മഴയും ഇടിമിന്നലും ഇടവിട്ട് ഭീഷണിയായതോടെയാണ് ഇന്നത്തെ മത്സരം നാളേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നത്. മഴ മാറാതിരുന്നതോടെ രാത്രി പത്ത് മണിക്ക് ശേഷം പല ആരാധകരും സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി. 

അഹമ്മദാബാദില്‍ വൈകിട്ട് മുതല്‍ തകര്‍ത്തുപെയ്‌ത മഴ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലാക്കുകയായിരുന്നു. അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിച്ചു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. ഈസമയം പിന്നിട്ടും മഴ തുടര്‍ന്നതോടെ ആരാധകരുടെ പ്രതീക്ഷകളെല്ലാം അവതാളത്തിലായി. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിച്ചില്ലെങ്കില്‍ മത്സരം തിങ്കളാഴ്‌ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയര്‍മാര്‍ സൂചന നല്‍കിയപ്പോള്‍ പതിനൊന്നിനും മഴ അയഞ്ഞില്ല. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാണ് എം എസ് ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. അഞ്ചാം കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ധോണിക്കാവും. ധോണി അഞ്ചാം കിരീടമുയര്‍ത്തുന്നത് കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് സിഎസ്‌കെ ആരാധകര്‍ ഒഴുകിയെത്തിയതോടെ ഇന്ന് ഗ്യാലറി മഞ്ഞക്കടലായിരുന്നു. നാളെയും ആരാധകരുടെ കുത്തൊഴുക്കാണ് സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. കഴി‌ഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്തുകയാണ് ചെന്നൈയുടെ എതിരാളികളായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ലക്ഷ്യം. 

Read more: മഴ ഒരുവശത്ത്; മറുവശത്ത് ധോണി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫാഫ് ഡുപ്ലസിസ്

Latest Videos
Follow Us:
Download App:
  • android
  • ios