ടീമിലെത്തിക്കാന്‍ പൊടിച്ചത് 16 കോടി, ആകെ കളിച്ചത് രണ്ട് കളികള്‍; ഒടുവില്‍ ബെന്‍ സ്റ്റോക്സ് തിരിച്ചുപോകുന്നു

കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. തുടക്കത്തില്‍ സീസണൊടുവില്‍ എം എസ് ധോണി നായകസ്ഥാനം ഒഴിഞ്ഞാല്‍ ചെന്നൈയുടെ ഭാവി നായകനായിരിക്കും സ്റ്റോക്സ് എന്നുപോലും വിലയിരുത്തലുണ്ടായി.

IPL 2023: Ben Stokes to return home, wont play in play off for CSK gkc

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തിയാലും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ സേവനം ടീമിന് ലഭ്യമാവില്ല. ആഷസ് പരമ്പരയുടെ മുന്നൊരുക്കമായി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുയാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം മാനേജ്മെന്‍റ് സ്ഥിരീകരിച്ചതോടെയാണിത്. ആഷസിന് മുമ്പ് അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിലും ഇംഗ്ലണ്ടിനെ നയിക്കാന്‍ സ്റ്റോക്സ് ഉണ്ടാകും.

ഈ ഐപിഎല്‍ സീസണില്‍ ചെന്നൈക്കായി രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച സ്റ്റോക്സിന് ആകെ നേടാനായത് 15 റണ്‍സ് മാത്രമാണ്. ഒരോവര്‍ മാത്രമാണ് ലോക ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരിലൊരാളായ സ്റ്റോക്സ് ഈ സീസണില്‍ പന്തെറിഞ്ഞത്. വഴങ്ങിയതാകട്ടെ 18 റണ്‍സും.

കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. തുടക്കത്തില്‍ സീസണൊടുവില്‍ എം എസ് ധോണി നായകസ്ഥാനം ഒഴിഞ്ഞാല്‍ ചെന്നൈയുടെ ഭാവി നായകനായിരിക്കും സ്റ്റോക്സ് എന്നുപോലും വിലയിരുത്തലുണ്ടായി. എന്നാല്‍ കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് പൂര്‍ണ കായികക്ഷമതയില്ലാതെ ഐപിഎല്ലിനെത്തിയ സ്റ്റോക്സിന് ആദ്യ മത്സരങ്ങളില്‍ പന്തെറിയാനാവില്ലെന്ന് പിന്നീട് ചെന്നൈ ടീം വ്യക്തമാക്കി. പിന്നാലെ സ്റ്റോക്സ് പരിക്കിന്‍റെ പിടിയിലായി. ഇതോടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ സ്റ്റോക്സ് പരിക്ക് മാറി തിരിച്ചെത്താനിരിക്കെ വീണ്ടും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയായി.

തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ മലയാളി താരം പുറത്തേക്ക് ?; ലഖ്നൗവിനെതിരെ മുംബൈയുടെ സാധ്യതാ ടീം

കഴിഞ്ഞ ആഴ്ചയോടെ പരിക്ക് മാറി പൂര്‍ണ കായികക്ഷമത കൈവരിച്ചെങ്കിലും സ്റ്റോക്സിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ചെന്നൈ തയാറായതുമില്ല. കാരണം, സ്റ്റോക്സിന് പകരക്കാരെ ചെന്നൈ ടീം കണ്ടെത്തി കഴിഞ്ഞിരുന്നു. ഓള്‍ റൗണ്ടറായി മോയിന്‍ അലിയും ഓപ്പണറായി ഡെവോണ്‍ കോണ്‍വെയും സ്പിന്നറായി മഹീഷ് തീക്ഷണയും ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ മതീഷ പതിരാനയും ചെന്നൈ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചതിനൊപ്പം ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ സ്റ്റോക്സിന്‍റെ കുറവ് ചെന്നൈ അറിഞ്ഞില്ല. കളിച്ച രണ്ട് കളികളിലും സ്റ്റോക്സ് സ്പിന്നര്‍മാര്‍ക്കെതിരെ പതറിയപ്പോള്‍ ശിവം ദുബെ സ്പിന്നര്‍മാരെ അടിച്ചുപറത്തില്‍ ടീമിലെ അവിഭാജ്യ ഘടകമാവുകയും ചെയ്തു.

ഇതാണ് പരിക്ക് മാറിയിട്ടും സ്റ്റോക്സിനെ തിരിക്കിട്ട് ചെന്നൈ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഈ സീസണിലെ പ്രകടനം കണക്കിലെടുത്താല്‍ സ്റ്റോക്സിനെ ഇത്രയും വലിയ തുകക്ക് അടുത്ത സീസണിലും ചെന്നൈ  നിലിര്‍ത്തുമോ എന്ന കാര്യവും സംശയമാണ്. സ്റ്റോക്സിന് മുടക്കിയ തുകക്ക് രണ്ട് ലോകോത്ത ഓള്‍ റൗണ്ടര്‍മാരെ ടീമിലെത്തിക്കാമെന്ന് ചെന്നൈ കണക്കാക്കിയാല്‍ ഒരുപക്ഷെ സ്റ്റോക്സിന്‍റെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത്. ഐപിഎല്ലില്‍ ഒരു മത്സരം കൂടി ബാക്കിയിരിക്കെ 15 പോയന്‍റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് ചെന്നൈ.

ലഖ്നൗ-മുംബൈ മത്സരഫലം സഞ്ജുവിന്‍റെ രാജസ്ഥാനും നിര്‍ണായകം; ലഖ്നൗ തോറ്റാല്‍ പ്രതീക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios