ആര്‍സിബിക്ക് സന്തോഷവാര്‍ത്ത, ടീം ഇന്ത്യക്ക് ഭീഷണി; സിറാജിനൊപ്പം ആക്രമണം നയിക്കാന്‍ ഓസീസ് പേസറെത്തുന്നു

ഹേസല്‍വുഡ് തിരിച്ചെത്തുമ്പോള്‍ ഡേവിഡ് വില്ലിയാകും വഴി മാറേണ്ടിവരിക. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം ആര്‍സിബിക്കായി കളിച്ച വില്ലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

IPL 2023: Australian pacer Josh Hazlewood Returns for Royal Challengers Bangalore gkc

ബെംഗലൂരു: ഐപിഎല്ലില്‍ തുടര്‍ ജയങ്ങളുമായി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സന്തോഷവാര്‍ത്ത. പരിക്കില്‍ നിന്ന് മുക്തനായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബി ടീമിനൊപ്പം ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അടുത്ത മത്സരത്തില്‍ ഹേസല്‍വുഡ് ആര്‍സിബിക്കായി പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാലിലെ ഉപ്പൂറ്റിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഹേസല്‍വുഡിന് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു. ഐപിഎല്ലിലെ ആദ്യ പകുതിയും നഷ്ടമായ ഹേസല്‍വുഡ് തിരിച്ചെത്തുന്നത് ആര്‍സിബിയുടെ ബൗളിംഗ് മൂര്‍ച്ച കൂട്ടും. നിലവില്‍ മുഹമ്മദ് സിറാജ് നയിക്കുന്ന ആര്‍സിബി പേസ് നിരയില്‍ ഡേവിഡ് വില്ലിയാണ് വിദേശ പേസറായി കളിക്കാറുള്ളത്.

പരിക്കുമൂലം രണ്ട് മാസത്തെ ഇടവേള കഴിഞ്ഞാണ് ഹേസല്‍വുഡ് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്. ഡെത്ത് ബൗളിംഗിലെ പ്രശ്നങ്ങള്‍ തലവേദനയായ ആര്‍സിബിക്ക് ഹേസല്‍വുഡിന്‍റെ മടങ്ങിവരവ് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് 200ന് മുകളിലുള്ള വിജയലക്ഷ്യം പ്രതിരോധിക്കാനായിരുന്നില്ല. ഡെത്ത് ഓവറുകളില്‍ ഹേസല്‍വുഡിന്‍റെ രണ്ടോവറുകള്‍ ഈ സാഹചര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ എട്ട് ഇക്കോണമയില്‍ 20 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡ് തിളങ്ങിയിരുന്നു.

ഹേസല്‍വുഡ് തിരിച്ചെത്തുമ്പോള്‍ ഡേവിഡ് വില്ലിയാകും വഴി മാറേണ്ടിവരിക. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം ആര്‍സിബിക്കായി കളിച്ച വില്ലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ക്യാപ്റ്റനായി ഡൂപ്ലെസിസും ഫിനിഷറായി മാക്സ്‌വെല്ലും സ്പിന്നറായി വാനിന്ദു ഹസരങ്കയും ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ വില്ലിയെ ഒഴിവാക്കുക മാത്രമാണ് ഹേസല്‍വു‍ഡിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള ഏക മാര്‍ഗം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഭീഷണി

ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹേസല്‍വുഡ് കളിക്കുമെന്നത് ഇന്ത്യക്ക് ഭിഷണിയാണ്. കമിന്‍സിനും സ്റ്റാര്‍ക്കിനുമൊപ്പം മികച്ച സ്വിംഗ് ബൗളറായ ഹേസല്‍വുഡ് കൂടി എത്തുന്നത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഓസീസ് പേസാക്രമണത്തിന് മൂര്‍ച്ച കൂട്ടും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഓസ്ട്രേലിയയുടെ 17 അംഗ പ്രാഥമിക ടീമിലും ഹേസല്‍വുഡ് ഇടം നേടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios