അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ വിമര്‍ശിക്കുന്നവര്‍ കീബോര്‍ഡ് പോരാളികള്‍, ജീവിതത്തില്‍ പന്തെറിയാത്തവര്‍: ബ്രെറ്റ് ലീ
ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയിരുന്നു
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന താരങ്ങളിലൊരാളാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനാണ് എന്നതുകൊണ്ട് തന്നെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടുന്നു. സച്ചിന്‍ പേരുകേട്ട ബാറ്ററായിരുന്നു എങ്കില്‍ മകന്‍ അര്‍ജുന്‍ മീഡിയം പേസ് ബൗളറാണ്. സച്ചിന്‍റെ മകനായത് കൊണ്ട് മാത്രം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ കളിക്കാന്‍ അവസരം ലഭിച്ച താരമാണ് അര്‍ജുന്‍ എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ വിമര്‍ശിക്കുന്നവരുടെയെല്ലാം വായടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ.
എല്ലാറ്റിനെയും വിമര്‍ശിക്കുന്ന ആളുകളെ കാണാം. സന്ദീപ് ശര്‍മ്മയെ നോക്കിയാല്‍ അദേഹം 120 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിയുന്നത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അതിനേക്കാള്‍ വേഗതയിലാണ് പന്തെറിയുക. 23 വയസ് മാത്രമേ അര്‍ജുന് പ്രായമുള്ളൂ. ഏറെ കരിയറ്‍ ഇനി മുന്നോട്ടുകിടക്കുന്നു. വിമര്‍ശകനെ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് അര്‍ജുന് എനിക്ക് നല്‍കാനുള്ള ഉപദേശം. കഴിവുള്ള പേസറാണ് അര്‍ജുന്‍. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകും. വലിയ ലൈറ്റുകള്‍ക്കും ആരാധകക്കൂട്ടത്തിനും ഇടയില്‍ കളിച്ച് പരിചയമാകുമ്പോള്‍ വേഗം കൂടും. അര്‍ജുന്‍റെ പേസില്‍ ഞാനൊരു പ്രശ്‌നവും കാണുന്നില്ല. അയാള്‍ക്ക് എത്ര വേഗത്തില്‍ പന്തെറിയാനാകും എന്ന് എനിക്കറിയാം. ജീവിതത്തില്‍ ഒരു ബോള്‍ പോലും എറിയാത്തവരാണ് അര്‍ജുനെ സാമൂഹ്യമാധ്യമങ്ങളിലിരുന്ന് വിമര്‍ശിക്കുന്നത്. അവര്‍ കീബോര്‍ഡ‍് പോരാളികള്‍ മാത്രമാണ്. അവരെ ശ്രദ്ധിക്കേണ്ടതില്ല എന്നും അര്‍ജുന് ലീ ഉപദേശം നല്‍കി.
അവസാനം നടന്ന ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിംഗ്‌സനെതിരായ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 48 റണ്‍സ് വഴങ്ങിയ ശേഷം അര്‍ജുന്‍റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇത്. ടൈറ്റന്‍സിനെതിരെ രണ്ടോവറില്‍ 9 റണ്‍ മാത്രമേ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിട്ടുകൊടുത്തുള്ളൂ.
Read more: ആര്‍സിബിയുടെ ത്രിമൂര്‍ത്തികളെ കൊല്‍ക്കത്ത ഭയക്കണം; കണക്കുകള്‍ അങ്ങനെയാണ്